Skip to main content

ഇന്ത്യ@2047; യുവ സംവാദം സംഘടിപ്പിക്കുന്നതിന് സംഘടനകള്‍ക്ക് അപേക്ഷിക്കാം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്രയും ചേര്‍ന്ന് സാമൂഹിക സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ 2023 ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ ഇന്ത്യ@2047 എന്ന പേരില്‍  മലപ്പുറം ജില്ലയില്‍ യുവ സംവാദം സംഘടിപ്പിക്കുന്നു. യുവ സംവാദ പരിപാടി സംഘടിപ്പിക്കുന്നതിന് യൂത്ത് ക്ലബുകളടക്കമുള്ള സാമൂഹ്യ സംഘടനകള്‍ക്ക് പരമാവധി ഇരുപതിനായിരം രൂപ വരെ സാമ്പത്തിക സഹായം നല്‍കും. പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞ അഞ്ച് പ്രതിജ്ഞകള്‍ പ്രമേയമാക്കി രാജ്യത്തിന്റെ ഭാവി വികസനത്തെക്കുറിച്ചു   വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ജില്ലയില്‍ മൂന്ന് യുവ സംവാദങ്ങളാണ് സംഘടിപ്പിക്കുക. സംവാദ പരിപാടി സംഘടിപ്പിക്കുന്നതിനായി ജില്ലയില്‍ മൂന്ന് വീതം സംഘടനകളെ തിരഞ്ഞെടുക്കും. സാമൂഹിക സേവന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍കാല പരിചയമുള്ളതും മികച്ച സംഘാടന ശേഷിയുള്ളതും ജാതി-മത-കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രവര്‍ത്തന പശ്ചാത്തലമുള്ളതും നിയമാനുസൃതം രജിസ്റ്റര്‍ ചെയ്തതുമായ യൂത്ത് ക്ലബുകള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയ സംഘടനകള്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും നെഹ്റു യുവ കേന്ദ്ര മലപ്പുറം ജില്ലാ യൂത്ത് ഓഫീസറുമായി ബന്ധപ്പെടണം.
 

date