Skip to main content

മൂലൂര്‍ ജയന്തി ആഘോഷം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

സരസകവി മൂലൂര്‍ എസ്. പദ്മനാഭ പണിക്കരുടെ 154-ാമത് ജയന്തിയും സ്മാരകത്തിന്റെ 34-ാമത് വാര്‍ഷികവും ഫെബ്രുവരി 16 മുതല്‍ 18 വരെ ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ആഘോഷിക്കും. 16ന് ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.  കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിടിസിആര്‍ഐ) ഡയറക്ടറായി നിയമിതനായ ഡോ. ബൈജു ഗംഗാധരനെ സമ്മേളനത്തില്‍ അനുമോദിക്കും. സ്മാരക കമ്മിറ്റി  പ്രസിഡന്റ് കെ.സി. രാജഗോപാലന്‍ എക്‌സ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും.
17ന് രാവിലെ 10ന് നവകേരളവും മെഴുവേലിയുടെ വികസനവും എന്ന വിഷയത്തില്‍ നടക്കുന്ന വികസന സെമിനാര്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്യും. റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ മുഖ്യാതിഥിയാകും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും.
17ന് ഉച്ചകഴിഞ്ഞ് 3.30ന് നവോഥാന സ്മൃതി സമ്മേളനത്തില്‍ പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ വി.കെ. രവിവര്‍മ്മ തമ്പുരാന്‍ മുഖ്യപ്രഭാഷണം നടത്തും. മാനേജിംഗ് കമ്മിറ്റി അംഗം ടി.വി. സ്റ്റാലിന്‍ അധ്യക്ഷത വഹിക്കും.
18ന് രാവിലെ 10ന് കവിസമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി.കെ. ശോഭനാകുമാരിയുടെ മഴവിത്ത് എന്ന കാവ്യസമാഹാരം പ്രകാശനം ചെയ്യും. പ്രമുഖരായ കവികള്‍ തങ്ങളുടെ കവിത അവതരിപ്പിക്കും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത  വഹിക്കും.
18ന് ഉച്ചകഴിഞ്ഞ് 3.30ന് 37-ാമത് മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. സരസകവി മൂലൂര്‍ എസ് പദ്മനാഭപണിക്കരുടെ സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതി ഏറ്റവും മികച്ച മലയാള കവിതാ സമാഹാരത്തിന് നല്‍കി വരുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന മൂലൂര്‍ അവാര്‍ഡിന് ഡോ. ഷീജ വക്കം രചിച്ച ശിഖണ്ഡിനി എന്ന കാവ്യാഖ്യായികയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
പ്രൊഫ. മാലൂര്‍ മുരളീധരന്‍, പ്രൊഫ. പി.ഡി. ശശിധരന്‍, പ്രൊഫ. കെ. രാജേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണയ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ചടങ്ങില്‍ മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരന്‍ അധ്യക്ഷത വഹിക്കും. പി.ഡി. ബൈജു പ്രശസ്തിപത്ര അവതരണം നടത്തും. അവാര്‍ഡ് കവിതയുടെ ആലാപനം ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും.

date