Skip to main content

കുടുംബശ്രീ ജില്ലാ കലോത്സവം: സംഘാടകസമിതിയായി

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല  'അരങ്ങ് 2023- ഒരുമയുടെ പലമ' കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം നടന്നു. കുടുംബശ്രീ സി ഡി എസ് ആസ്ഥാന മന്ദിരത്തില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു ഉദ്ഘാടനം ചെയ്തു.

 കലോത്സവ നടത്തിപ്പിനായി ജില്ലയിലെ മന്ത്രിമാര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ചു.
 
മെയ് 19, 20, 21 തീയതികളിൽ കേരളവര്‍മ്മ കോളേജിലാണ്  കുടുംബശ്രീ ജില്ലാ കലോത്സവം. എഡിഎസ്, സിഡിഎസ്, താലൂക്ക് തല മത്സരങ്ങള്‍ നടത്തി ഒന്നാം സ്ഥാനക്കാരെ ജില്ലാ കലോത്സവത്തിനായി തെരഞ്ഞെടുക്കും. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുമാണ് മത്സരിക്കുക. 18 വയസ്സ് മുതല്‍ 35 വരെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 35 വയസ്സിന് മുകളിലുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലുമായിരിക്കും മത്സരം.

രജത ജൂബിലിയുടെ ആഘോഷ നിറവിലുള്ള കലോത്സവം, കോവിഡിന്റെ ഇടവേളയ്ക്കു ശേഷമുള്ള കലോത്സവം, സംസ്ഥാനതല കുടുംബശ്രീ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന ജില്ല എന്നീ പ്രത്യേകതകള്‍  'ഒരുമയുടെ പലമ'യ്ക്കുണ്ട്. 36 ഇന സ്റ്റേജ് മത്സരങ്ങളും 16 ഇന ഓഫ് സ്റ്റേജ് മത്സരങ്ങളുമാണ് ഉണ്ടാവുക. കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏഴോളം സബ് കമ്മിറ്റികളും രൂപീകരിച്ചു.

ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍ അധ്യക്ഷനായി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ ജീജ ജയന്‍, ഉഷ മോഹന്‍, സത്യഭാമ വിജയ്, ഡിപിഒമാര്‍, സിഡിഎസ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date