Skip to main content

ഓപ്പറേഷൻ ബ്രേക്ക് ത്രൂ : പുരോഗതി വിലയിരുത്താൻ ജോസ് ജംഗ്ഷൻ മുതൽ സൗത്ത് ജംഗ്‌ഷൻ വരെയുള്ള പ്രദേശങ്ങൾ സന്ദർശിക്കും

 

ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിൻ്റെ  പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി
ജോസ് ജംഗ്ഷൻ മുതൽ സൗത്ത് ജംഗ്‌ഷൻ വരെയുള്ള പ്രദേശങ്ങൾ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെള്ളിയാഴ്ച (മെയ് 5 ) സന്ദർശിക്കും. കളക്ടറുടെ ക്യാമ്പ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്  മഴക്കാലത്തിനു മുമ്പേ ചെയ്തു തീർക്കേണ്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനാണ് യോഗം ചേർന്നത്.

മുല്ലശേരി കനാലിൽ നടത്തിവരുന്ന നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി  ഉദ്യോഗസ്ഥർ അറിയിച്ചു. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും വർക്ക് ഷെഡ്യൂൾ നൽകണമെന്ന് കളക്ടർ അറിയിച്ചു.മഴക്കാലത്തിന് മുൻപ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി.

കനാലുകളിലും ഓടകളിലും തുറസായ ഇടങ്ങളിലും മാലിന്യങ്ങൾ തള്ളിയതിനെ തുടർന്ന്  കഴിഞ്ഞ മാസം 30 കേസ്  രജിസ്റ്റർ ചെയ്തതായി പോലീസ് വിഭാഗം അറിയിച്ചു.  വ്യക്തികൾക്ക് എതിരെ മാത്രമല്ല, മാലിന്യ നിക്ഷേപങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ കളക്ടർ നിർദേശിച്ചു. 

 
ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ. എ.ജി. സുനിൽ കുമാർ, അമിക്കസ് ക്യൂറി അഡ്വ. ഗോവിന്ദ് പത്മനാഭൻ
ദുരന്തനിവാരണ വകുപ്പ്, ജല അതോറിറ്റി, , റോഡ്സ് വിഭാഗം, കൊച്ചി കോർപ്പറേഷൻ, കെ.എസ്.ഇ.ബി, പൊലീസ്, അഗ്നി രക്ഷാസേന വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date