Skip to main content
കരുതലും കൈത്താങ്ങും' ചങ്ങനാശേരി താലൂക്ക് തല അദാലത്ത് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദാലത്ത് ഉദ്ഘാടനം ചെയ്യുന്നു.

വികസന രംഗത്ത് സർക്കാർ വിസ്മയങ്ങൾ തീർക്കുന്നു: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സർക്കാരിന്റെ പ്രഖ്യാപിത നിലപാടുകൾക്കനുസരിച്ച് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതിനൊപ്പം സാധാരണ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കു വേഗത്തിൽ പരിഹാരം കണ്ടെത്താനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാർ നേരിട്ട് പങ്കെടുക്കുന്ന 'കരുതലും കൈത്താങ്ങും' ചങ്ങനാശേരി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി . കോട്ടയത്ത് നടന്ന ജില്ലയിലെ ആദ്യ താലൂക്ക് അദാലത്തിൽ  നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
വികസനരംഗത്ത് സർക്കാർ വിസ്മയങ്ങൾ തീർത്ത് മുന്നേറുകയാണ്. ഇത്രയധികം വികസന പ്രവർത്തനങ്ങൾ നടത്തിയ സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

 ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളിൽ പരിഹാരം വൈകുന്നത് നീതി നിഷേധമാകുമെന്നും അതിനാലാണ് സർക്കാർ അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ മാത്രം പരിഹാരം കണ്ടെത്താൻ കഴിയാത്ത പ്രശ്നങ്ങളിൽ ഇടപെട്ടു വേഗത്തിൽ പരിഹാരം കാണാനാണു സർക്കാരിന്റെ ശ്രമം. യാഥാർഥ്യ ബോധത്തോടെയുള്ള സർക്കാരിന്റെ ഇടപെടലുകളാണ് വെളിവാകുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ചങ്ങനാശേരി നഗരസഭാ അധ്യക്ഷ സന്ധ്യാ മനോജ്, മാടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, വാഴൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, പള്ളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ചങ്ങനാശേരി നഗരസഭാംഗം പ്രിയ രാജേഷ്, ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ബി. സാവിയോ എന്നിവർ പ്രസംഗിച്ചു.

date