Skip to main content

സ്വപ്ന സാക്ഷാത്കാരം; സര്‍ക്കാരിന്റെ കരുതലില്‍ ഒരുങ്ങിയത് ജില്ലയില്‍ 965 വീടുകള്‍ 

 

സംസ്ഥാന  സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി  100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍  965 വീടുകള്‍ പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജില്ലയിലെ വീടുകളുടെ താക്കോല്‍ദാനവും പൂര്‍ത്തീകരണ പ്രഖ്യാപനവും വിവിധ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി നടന്നു.  വിവിധ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ  പൂര്‍ത്തിയാക്കപ്പെട്ട ഓരോ വീടുകളിലും  ജനപ്രതിനിധികളുടെ നേതൃത്വത്തില്‍  താക്കോലുകള്‍ കൈമാറിയും പാലുക്കാച്ചിയും ലൈഫ് ഭവന കൈമാറ്റ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

ജില്ലയില്‍  ലൈഫ് വിവിധ ഘട്ടങ്ങളിലുൾപ്പെടുത്തി കരാറിലേർപ്പെട്ട ജനറല്‍ വിഭാഗത്തില്‍ 347 വീടുകളും, എസ്.സി വിഭാഗത്തില്‍ 525 വീടുകളും,  എസ്.ടി വിഭാഗത്തില്‍ 37 വീടുകളും, മത്സ്യത്തൊഴിലാളികള്‍ക്കായി 41 വീടുകളും, അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി 15 വീടുകളുമാണ് നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി പൂര്‍ത്തീകരിച്ച് നല്‍കിയത്. 

ലൈഫ് 2020 പുതിയ ലിസ്റ്റിൽ ഉൾപ്പെട്ട  4544 ഗുണഭോക്താക്കൾ വീട് നിർമ്മാണത്തിനായി ഗ്രാമപഞ്ചായത്തിൽ കരാറിലേർപ്പെട്ടതിൽ 60 വീടുകളുടെ നിര്‍മ്മാണം നൂറു ദിനത്തിലുൾപ്പെടുത്തി അതിവേഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി 4475 വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണ്.

date