Skip to main content

അനന്തനു പഠനമുറി; അദാലത്തിൽ തീരുമാനം

കോട്ടയം: സ്വന്തം മാതാപിതാക്കളുടെ പേരിൽ ഭൂമിയില്ല എന്ന കാരണത്താൽ പഠനമുറി ലഭിക്കാതിരുന്ന അനന്തന് താലൂക്ക് അദാലത്തിൽ മന്ത്രിമാരുടെ ഇടപെടലിൽ പഠനമുറി . ചങ്ങനാശ്ശേരി വാലുമേൽച്ചിറ സ്വദേശി മനയത്ത്‌ശ്ശേരി വീട്ടിൽ ലീല സത്യന്റെ അപേക്ഷയിലാണ് സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്തിൽ പരിഹാരമൊരുക്കിയത്. പട്ടികജാതി വിഭാഗക്കാരായ അപേക്ഷകർ മൂത്ത മകൾ ശ്രീക്കുട്ടിയ്ക്കായാണ് ആദ്യം അപേക്ഷ നൽകിയത്. എന്നാൽ
സ്ഥലവും വീടും  മുത്തശ്ശൻ കരുണാകരന്റെ പേരിലായതിനാൽ അപേക്ഷ നിരസിക്കപ്പെട്ടു. കരുണാകരൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ചു കിട്ടിയ രണ്ടു മുറി വീട്ടിലാണ് കൂലിപ്പണിക്കാരായ ലീലയ്ക്കും സത്യനും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. അദാലത്തിലെ പ്രത്യേക നിർദ്ദേശമായി പരിഗണിച്ച്  ലീലയുടെ മകന് പഠനമുറി അനുവദിക്കാൻ മന്ത്രി നിർദേശിക്കുകയായിരുന്നു.

date