Skip to main content
സുലോചന

തടസം നീക്കി, സുലോചനയ്ക്ക്   മുഴുവൻ പെൻഷൻ കിട്ടും

കോട്ടയം: വാർധക്യ പെൻഷനായ 1600രൂപയ്ക്ക് പകരം 600 രൂപയാണ് കിട്ടുന്നത് എന്നുള്ള പരാതിയുമായാണ് കറുകച്ചാൽ സ്വദേശി സുലോചന അദാലത്തിൽ എത്തുന്നത്. കഴിഞ്ഞ ജൂലൈ മുതലാണ് സുലോചനയ്ക്ക് പെൻഷൻ കിട്ടുന്നത്.
സർക്കാർ അനുവദിച്ച മുഴുവൻ തുകയും കിട്ടാതെ വന്നപ്പോൾ പലകുറി അപേക്ഷ നൽകിയിട്ടും, ഓഫീസുകൾ കയറിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് സുലോചന കരുതലും കൈതാങ്ങും അദാലത്തിൽ പരാതി സമർപ്പിക്കുന്നത്. ഇ.പി.എഫ് ആനുകൂല്യമായി 1283 രൂപ സുലോചനയ്ക്ക് കിട്ടുന്നുണ്ട്. അതിനാലാണ് സർക്കാരിന്റെ മുഴുവൻ പെൻഷൻ തുകയും ലഭിക്കാതെ വന്നത്. എന്നാൽ ഇ.പി.എഫ് 4000 രൂപയിൽ താഴെ വാങ്ങുന്നവർക്ക് മുഴുവൻ ക്ഷേമപെൻഷനും അർഹതയുണ്ട്. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ വന്നതുകൊണ്ടാണ് പെൻഷൻ തുകയായ 1600 രൂപ പൂർണമായും ലഭിക്കാതെ ഇരുന്നത്. അദാലത്തിലൂടെ സർട്ടിഫിക്കറ്റ് സമർപ്പിച്ചതോടെ പെൻഷനിലെ തടസം നീക്കി കിട്ടി. മുഴുവൻ തുകയും പെൻഷനായി ലഭിക്കും എന്നുള്ള മന്ത്രിയുടെ ഉറപ്പും ഉത്തരവും വാങ്ങിയാണ് സുലോചന മടങ്ങിയത്. അദാലത്തിൽ പരാതി കൊടുത്തതുകൊണ്ടാണ് തടസം നീങ്ങിയതെന്നും മുഴുവൻ പെൻഷൻ തുകയും കിട്ടുന്ന സന്തോഷവും സുലോചന പങ്കുവെച്ചു.

date