Skip to main content

കരുതലും കൈതാങ്ങും: താമരശ്ശേരി താലൂക്ക് അദാലത്തിൽ പരാതികൾ കേട്ടറിഞ്ഞ് മന്ത്രിമാർ

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് അദാലത്ത് താമരശ്ശേരി ഗവ. യുപി സ്കൂളിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. പൊതുജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും മന്ത്രിമാർ കേട്ടറിഞ്ഞ് പരിഹാരം കണ്ടെത്തിയത് പുതിയ അനുഭവമായി.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് താമരശ്ശേരി താലൂക്ക് അദാലത്ത് നടന്നത്.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച അദാലത്തിൽ നേരത്തെ ലഭിച്ച  പരാതികൾക്ക് പുറമേ പുതിയ പരാതികളും സ്വീകരിച്ചിരുന്നു. വേഗത്തിൽ തീരുമാനം കാണേണ്ട പരാതികൾ നടപടി എടുക്കുന്നതിനായി അപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് കൈമാറി. പരാതികൾ വളരെ വേഗം പരിഹരിക്കാനായത് ജനങ്ങൾക്ക് ഏറെ ആശ്വാസമായി.
                                        
എംഎൽഎമാരായ ലിന്റോ ജോസഫ്, കെ. എം. സച്ചിൻദേവ്, ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മെയ് എട്ട് വരെയാണ് ജില്ലയിൽ താലൂക്ക് തല അദാലത്തുകൾ നടക്കുക. കൊയിലാണ്ടി താലൂക്ക് അദാലത്ത് മെയ് ആറിന് കൊയിലാണ്ടി ടൗൺഹാളിലും വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗൺഹാളിലും നടക്കും.

date