Skip to main content

ശാരദാ ഭായിക്ക് കരുതലും കൈത്താങ്ങുമാവാൻ അനന്യക്കൊപ്പം സർക്കാരും 

 

ജീവിതയാത്രയിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ടുപോയ ഒരു അമ്മയെ തനിക്കുള്ളതിന്റെയെല്ലാം പങ്ക് നൽകി സംരക്ഷിക്കുന്നൊരു യുവതിയുണ്ട് ഉണ്ണികുളത്ത്. പേര് അനന്യ. ദുഃഖം പേറുന്ന മുഖവുമായി കരുതലും കൈത്താങ്ങും അദാലത്തിനെത്തിയ അനന്യ പുഞ്ചിരിക്കുന്ന മുഖവുമായാണ് വീട്ടിലേക്ക് മടങ്ങിയത്. 35 വർഷമായി അനന്യ ആരോരുമില്ലാത്ത 70 കാരി ശാരദാ ഭായിയെ സംരക്ഷിക്കാൻ തുടങ്ങിയിട്ട്. ഇവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ നേടിയെടുക്കാനാണ് അനന്യയുടെ പോരാട്ടം. 

എല്ലാം ശരിയാക്കാം എന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് അനന്യക്ക് ഉറപ്പ് നൽകി. അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ശാരദാ ഭായിക്ക് വീടും സ്ഥലവും നൽകാനുള്ള നടപടികൾ അദാലത്തിലൂടെ വേഗത്തിലാവും. ഭർത്താവും അമ്മയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന അനന്യയുടെ കുടുംബത്തിനൊപ്പം ഒരു അംഗത്തെ പോലെയാണ് ശാരദാ ഭായി താമസിക്കുന്നത്. അവിവാഹിതയായ ശാരദാഭായിക്ക് പലകാരണങ്ങളാൽ സഹായങ്ങൾ ലഭ്യമായിരുന്നില്ല. ഷീറ്റ് കെട്ടിമറച്ച വീട്ടിലാണ് അനന്യയും കുടുംബവും താമസിക്കുന്നത്.

ശാരദാ ഭായിയെ അടച്ചുറപ്പുള്ള വീട്ടിൽ നല്ല ആഹാരവും മരുന്നും നൽകി സംരക്ഷിക്കണമെന്ന അനന്യയുടെ ആഗ്രഹത്തിനാണ് അദാലത്ത് പ്രതീക്ഷയേകുന്നത്. അനന്യയും കുടുംബവും ആത്മബന്ധത്തിന്റെയും മനുഷ്യത്വത്തിന്റെയും പേരിൽ ശാരദാ ഭായിയോട് കാണിക്കുന്ന അതേ കരുതലാണ് സർക്കാരും അദാലത്തിൽ എടുത്ത നിലപാട്.

date