Skip to main content

ജില്ലയിൽ തീരസദസ്സ് മെയ് 8ന് ആരംഭിക്കും

തീരദേശ ജനതയുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനും പരിഹരിക്കാനുമായി സംഘടിപ്പിക്കുന്ന തീരസദസ്സ്  ജില്ലയിൽ മെയ് എട്ട്, ഒമ്പത്, 28 എന്നീ തീയതികളിൽ നടക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ തീരസദസ്സ് ഉദ്ഘാടനം ചെയ്യും.

തീരസദസ്സ് നാട്ടികയിൽ സി സി മുകുന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ മെയ് എട്ടിന് രാവിലെ ടി എസ് ജി എ സ്റ്റേഡിയത്തിൽ നടക്കും. മുരളി പെരുനെല്ലി എംഎൽഎയുടെ അധ്യക്ഷതയിൽ മണലൂരിൽ ഉച്ചതിരിഞ്ഞ് 4.30ന് വാടാനപ്പിള്ളി ഫിഷറീസ് ഗവ. യുപി സ്കൂളിലും നടക്കും. 

മെയ് ഒമ്പതിന് ഗുരുവായൂർ മണ്ഡലത്തിൽ എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ രാവിലെ മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

മെയ് 28ന് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വി ആർ സുനിൽകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ കൊടുങ്ങല്ലൂർ ടൗൺ ഹാളിലും കയ്പമംഗലം മണ്ഡലത്തിൽ ടൈസൺ മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ വൈകീട്ട് മൂന്ന് മണിക്ക്  പെരിഞ്ഞനം ഗവ യുപി സ്കൂളിലുമാണ് തീരസദസ്സ് നടക്കുക.

തീരമേഖലയുടെ വികസനത്തിനായി മത്സ്യത്തൊഴിലാളികളുടെ അറിവ് പ്രയോജനപ്പെടുത്തുന്നതിനും അവയ്ക്ക് മുന്തിയ പരിഗണന നൽകി നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമുള്ള ഒരു ചുവട് വെയ്പാണ് തീരസദസ്സ്.

തീരസദസ്സിൽ ആദ്യത്തെ ഒന്നര മണിക്കൂർ ജനപ്രതിനിധികളുമായുള്ള ചർച്ചകളും തുടർന്നുള്ള രണ്ട് മണിക്കൂർ മത്സ്യത്തൊഴിലാളി സംഗമവുമാണ് നടക്കുക. തീരസദസ്സിന് മുന്നോടിയായി അതത് തീരദേശ മണ്ഡലങ്ങളിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി ട്രേഡ് യൂണിയൻ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും.

തീരസദസ്സിൽ ഏപ്രിൽ 20 വരെ ഓൺലൈനായി ലഭിച്ച പരാതികളുടെ പരിഹാര നടപടി സ്വീകരിക്കും. മുതിർന്ന മത്സ്യത്തൊഴിലാളികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിക്കും. സാഫ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ധനസഹായവും വിതരണം ചെയ്യും.

date