Skip to main content

ഹൈടെക്കായി കുന്നംകുളം മണ്ഡലത്തിലെ വിദ്യാലയങ്ങൾ

ഹൈടെക് ക്ലാസ് മുറികളും പഠനസൗകര്യങ്ങളും ഒരുക്കി കുന്നംകുളം മണ്ഡലത്തിൽ നാല് വിദ്യാലയങ്ങൾ മികവിലേക്കുയരുന്നു. വേലൂർ ഗ്രാമപഞ്ചായത്തിലെ വേലൂർ ഗവ. രാജാ സർ രാമവർമ്മ ഹയർ സെക്കന്ററി സ്കൂൾ, തയ്യൂർ ഗവ. ഹൈസ്കൂൾ, കാട്ടാകാമ്പാൽ പഞ്ചായത്തിലെ പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പഴഞ്ഞി ഗവ. ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടങ്ങൾ നിർമിച്ചത്. 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ രണ്ട് കോടി രൂപ വിനിയോഗിച്ചാണ് വേലൂർ ഗവ. രാജാ സർ രാമവർമ്മ ഹയർ സെക്കന്ററി സ്കൂളിൽ 683.85 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ കെട്ടിടം പണിതത്. ആറ് ക്ലാസ് മുറികളും രണ്ട് ടോയ്ലറ്റ് ബ്ലോക്കും ഒരുക്കിയിട്ടുണ്ട്.തയ്യൂർ ഗവ. ഹൈസ്കൂൾ, പഴഞ്ഞി ഗവ.ഹൈസ്കൂൾ, പഴഞ്ഞി ഗവ. ഹയർ സെക്കന്ററി എന്നിവയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഓരോ കോടി രൂപ വീതമാണ് ചെലവഴിച്ചത്. 

തയ്യൂർ ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച ഇരുനിലകെട്ടിടത്തിൽ ഏഴ് ക്ലാസ് മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. പഴഞ്ഞി ഗവ.ഹൈസ്കൂളിൽ 352.65 ചതുരശ്ര മീറ്റററിലാണ് കെട്ടിടം നിർമ്മിച്ചത്. നാല് ക്ലാസ് മുറികൾ, ഒരു ടോയ്ലറ്റ് ബ്ലോക്ക് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. പഴഞ്ഞി ഗവ. ഹയർ സെക്കന്ററി വിദ്യാലയത്തിൽ രണ്ട് ക്ലാസ് റൂം, ഓഫീസ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളുണ്ട്.

നിർമ്മാണം പൂർത്തീകരിച്ച മൂന്ന് വിദ്യാലയങ്ങളിലെ കെട്ടിടങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മെയ് 12ന് നാടിന് സമർപ്പിക്കും.

date