Skip to main content
പാവറട്ടി ഗ്രാമപഞ്ചായത്തിന് ഹൈടെക് ഓഫീസ്

പാവറട്ടി ഗ്രാമപഞ്ചായത്തിന് ഹൈടെക് ഓഫീസ് ഉദ്ഘാടനം ചെയ്തു.

ആധുനിക രീതിയിൽ സജ്ജീകരിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് ഓഫീസ് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. 

ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസുകൾ അത്യാധുനിക രീതിയിൽ സജീകരിച്ചിരിക്കുന്നത് വഴി  ഓഫീസുകൾ കൂടുതൽ ജനകീയമാകുമെന്ന് മുരളി പെരുനെല്ലി എംഎൽഎ അഭിപ്രായപ്പെട്ടു.

2015 ലാണ് ഒന്നാം ഘട്ട പദ്ധതികൾക്ക് തുടക്കം കുറിച്ചത്. മണലൂർ നിയോജകമണ്ഡലം മുൻ എംഎൽഎ  പി എ മാധവന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും ഘട്ടമായി ലഭിച്ച 1,91,20,000 രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവായത്. കൂടാതെ ഒന്നാം ഒന്നാംഘട്ട വൈദ്യുതീകരണത്തിന് 4,76,000 രൂപയും ലഭ്യമായി.

രണ്ടാംഘട്ട വൈദ്യുതീകരണത്തിനുള്ള 13 ലക്ഷം രൂപയും പഞ്ചായത്ത് ഓഫീസ് നെറ്റവർക്കിംഗിനുള്ള 2,74,500 രൂപയും, ഇന്റർകോം സ്ഥാപിക്കുന്നതിന് 3,49,254 രൂപയും ചെലവഴിച്ചത് പാവറട്ടി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നാണ്. 

കൂടാതെ പഞ്ചായത്ത് ഓഫീസ്സ് കെട്ടിടത്തിന്റെ ഇന്റീരിയർ പ്രവൃത്തിക്ക് നിലവിൽ 48 ലക്ഷം രൂപ പഞ്ചായത്ത് തന്നെയാണ് ചിലവഴിച്ചത്. ആകെ 2,58,43,754 രൂപയാണ് നിർമ്മാണ ചെലവ്.

ഫ്രണ്ട് ഓഫീസ്, ഹെൽപ് ഡെസ്ക്, പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവർക്കുള്ള ആധുനിക ഓഫീസ് മുറികൾ,  മറ്റു 25 ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക ക്യാബിനുകൾ, സന്ദർശകർക്കുള്ള  ഇരിപ്പിടങ്ങൾ, ഫീഡിംഗ് റൂം, മീറ്റിംഗ് ഹാൾ, വൈഫൈ  അടക്കമുള്ള മറ്റ് അത്യാധുനിക സൗകര്യങ്ങൾ എന്നിവയാണ് മൂന്നു നിലകളിലായി പണികഴിപ്പിച്ച ശീതീകരിച്ച കെട്ടിടത്തിലുള്ളത്.

ചടങ്ങിൽ പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പി എ മാധവൻ മുഖ്യാതിഥിയായി. മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡൻറ് ലതി വേണുഗോപാൽ, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിയോ ഫോക്സ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി ജയരാജൻ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ചാന്ദിനി വേണു, ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഗസാലി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിബി ജോൺസൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫ് ബെന്നി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല സേതുമാധവൻ, മറ്റു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ  പങ്കെടുത്തു.

date