Skip to main content

ഉറവിട മാലിന്യ സംസ്‌കരണ രീതികള്‍ കുഴി കമ്പോസ്റ്റ്

ഏറ്റവും പ്രാചീനമായ ജൈവമാലിന്യ സംസ്‌കരണ രീതിയാണ് കുഴി കമ്പോസ്റ്റ്. വെള്ളം കെട്ടാന്‍ സാധ്യതയില്ലാത്ത സ്ഥലത്ത് ഒരു മീറ്റര്‍ നീളത്തിലും 60 സെ.മീ വീതിയിലും ഒരു മീറ്റര്‍ ആഴവുമുള്ള രണ്ടു കുഴികള്‍ നിര്‍മ്മിക്കാവുന്നതാണ്. കുഴി കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട പഞ്ചായത്തുകളെ സമീപിക്കണം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി പഞ്ചായത്തുകള്‍ കുഴി കമ്പോസ്റ്റ് നിര്‍മ്മിച്ചു നല്‍കും. വെള്ളം ഒലിച്ചിറങ്ങാത്ത രീതിയിലാണ് നിര്‍മ്മിക്കുക. അഞ്ചോ ആറോ അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് ആദ്യത്തെ ആറ് മാസം ഒരു കുഴി മതിയാവും. കുഴിയുടെ അടിഭാഗത്തായി ചാണകം മൂന്ന് സെ.മീ കനത്തില്‍ ഇടണം. ഈച്ച, കൊതുക് മുതലായവ വരാതിരിക്കാന്‍ മാലിന്യം ഇട്ടശേഷം അതിനുമുകളില്‍ മണ്ണ് വിതറുക. കുഴി നിറയുമ്പോള്‍ മുകള്‍വശത്ത് ആറ് ഇഞ്ച് കനത്തില്‍ മണ്ണിട്ട് മൂടി സൂക്ഷിക്കുക. മഴക്കാലത്ത് കുഴിക്കുള്ളില്‍ വെള്ളം വീഴാതിരിക്കാന്‍ പി.വി.സി ഷീറ്റ്, മറ്റ് ഏതെങ്കിലും ഷീറ്റുകള്‍ ഉപയോഗിച്ച് കുഴി മൂടി വയ്ക്കണം. അഴുകുന്ന ഏത് ജൈവമാലിന്യവും കുഴി കമ്പോസ്റ്റില്‍ സംസ്‌കരിക്കാം. ആവശ്യമെങ്കില്‍ വളമായും ഉപയോഗിക്കാം.
 

date