Skip to main content

മാലിന്യ സംസ്‌കരണത്തിലെ നിയമലംഘനം: സ്ഥാപനങ്ങള്‍ക്ക് പിഴ

 

 

മാലിന്യ സംസ്‌കരണത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേക എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ ജില്ലാതല പരിശോധനയില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ. പാലക്കാട് നഗരസഭ പ്രദേശങ്ങളിലെ ഭക്ഷ്യശാലകളില്‍ നടത്തിയ പരിശോധനയില്‍ ജലാശയങ്ങളിലേക്ക് മാലിന്യ നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് 5000 രൂപ പിഴ ചുമത്തി. തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരിമ്പ, കാരാകുറിശ്ശി, പുതുനഗരം എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി. ഈ പ്രദേശങ്ങളിലെ എം.സി.എഫുകള്‍, ഓഡിറ്റോറിയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ പരിശോധിച്ച് പ്രവര്‍ത്തനം വിലയിരുത്തി. വിവിധ ഓഡിറ്റോറിയങ്ങളിലായി ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്തി 50,000 രൂപ പിഴ ചുമത്തി. പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം കണ്ടെത്തി അവ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് വിങ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ജില്ലാ ശുചിത്വമിഷന്‍ എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടീമുകളില്‍ ഉള്ളത്. സ്‌ക്വാഡ് പരിശോധന നടത്തേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ പോലീസ് ഉദ്യോഗസ്ഥനും ഈ സംഘത്തില്‍ ഉണ്ടായിരിക്കും.

date