Skip to main content

തോട്ടം മേഖലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: വാഴൂര്‍ സോമന്‍ എംഎല്‍എ

 

തോട്ടംമേഖലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 'ജില്ലയിലെ ടൂറിസം സാധ്യതകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക, തോട്ടം മേഖലകളുടെ സമഗ്രവികസനം ഉറപ്പുവരുത്തുക വഴി ടൂറിസം മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പഠനങ്ങള്‍ നടത്തി മികച്ച പദ്ധതികള്‍ നടപ്പിലാക്കണം. പ്രകൃതിക്ക് കോട്ടം തട്ടാതെ, സംരക്ഷണം ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനനങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തി.
പ്രകൃതിയെ നശിപ്പിക്കാതെ വരുംതലമുറയ്ക്കായി ജില്ലയിലെ സാധ്യതകളെ ഉപയോഗപെടുത്താന്‍ കഴിയുന്ന വിവിധ പദ്ധതികളെക്കുറിച്ച് അന്താരാഷ്ട്ര സഞ്ചാരിയായ വില്‍സണ്‍ പി തോമസ് വിശദീകരിച്ചു. ടൂറിസത്തില്‍ നിന്നുള്ള വരുമാനം ഉയര്‍ത്താനുള്ള നിരവധി സാധ്യതകള്‍ ജില്ലയിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ ബിന്ദുമണി ഹോം സ്റ്റേകളുടെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. ഇടുക്കിയുടെ ടൂറിസം വികസന സാധ്യതകളെക്കുറിച്ച് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, മെഡിക്കല്‍ വാല്യൂ ടൂറിസത്തെക്കുറിച്ച് മൂന്നാര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ചിഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ എസ് പ്രിയദര്‍ശന്‍, അനുഭവ ടൂറിസത്തിന്റെ സാധ്യതകളെ ക്കുറിച്ച് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി ടെക്‌നിക്കല്‍ കമ്മിറ്റി അംഗം സനോജ് കെ, ജില്ലയില്‍ സംയുക്ത പ്രോജക്ടുകള്‍ ഉണ്ടാകേണ്ടതിനെക്കുറിച്ച് ടൂറിസം കമ്മിറ്റി ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എം ഷാഹുല്‍ ഹമീദ് എന്നിവര്‍ ക്ലാസ് നയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ സാബു വര്‍ഗീസ്, അക്കോമോഡേഷന്‍ കമ്മറ്റി ചെയര്‍മാന്‍ അനില്‍ കൂവപ്ലാക്കല്‍, ഡി ടി പി സി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date