Skip to main content

പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷി നശിച്ച കർഷകന് കൈത്താങ്ങുമായി അദാലത്ത്

ഭാര്യയും രണ്ട് മക്കളുമടക്കമുള്ള കുടുംബത്തിന് കൈത്താങ്ങാകുമെന്ന് കരുതിയാണ് കണ്ടല കരിങ്ങൽ സ്വദേശി പി.മോഹനൻ സ്വന്തമായി വയൽ പാട്ടത്തിനെടുത്ത് വാഴ കൃഷിക്കിറങ്ങിയത്. ഇതിനായി 25,000 രൂപ ബാങ്കിൽ നിന്നും വായ്പയുമെടുത്തിരുന്നു. വാഴക്കുലകൾ കുലച്ചു തുടങ്ങിയപ്പോഴേക്കും 2021 മേയിൽ പെയ്ത മഴ മോഹനന്റെ സ്വപ്നങ്ങളുടെ നിറംകെടുത്തി. മാസങ്ങൾക്കകം വിളവെടുക്കാവുന്ന വാഴക്കുലകൾ മുഴുവൻ നശിച്ചതോടെ ബാങ്കിലെ തിരിച്ചടവും മുടങ്ങി. നഷ്ടപരിഹാരത്തിനായി അധികൃതരെ സമീപിച്ചെങ്കിലും പാട്ടഭൂമിയിലെ കൃഷിയായതിനാൽ നടപടികൾ വൈകി. ഈ സമയത്താണ് മോഹനൻ താലൂക്കുതല അദാലത്തിനെ സംബന്ധിച്ച് അറിയുന്നതും പരാതിപ്പെടുന്നതും. തുടർന്ന് ഇക്കാര്യം പരിശോധിച്ച ഉദ്യോഗസ്ഥർ സമയബന്ധിതമായി മോഹനന്റെ അപേക്ഷ തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു. അദാലത്ത് വേദിയിൽ മന്ത്രിമാർ പരാതി തീർപ്പാക്കി. നഷ്ടപരിഹാരമായി 30,700 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവർ ചേർന്ന്  മോഹനന് കൈമാറി. മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന അപേക്ഷ അദാലത്തിൽ പരിഹരിക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മോഹൻ. സർക്കാരിൽ നിന്നും ലഭിച്ച നഷ്ടപരിഹാരം വലിയ ആശ്വാസമായെന്നും മോഹനൻ പ്രതികരിച്ചു.

date