Skip to main content

യുവ വീവ് പദ്ധതി : ജില്ലയിൽ 60 യുവ നെയ്ത്തുകാർക്ക് തറികൾ നൽകി

*കൈത്തറിമേഖലയിൽ യുവാക്കളുടെ സാന്നിധ്യം പ്രതീക്ഷ നൽകുന്നതെന്ന് മന്ത്രി പി.രാജീവ്

പുതുതലമുറയെ കൈത്തറി മേഖലയിലേക്ക് ആകർഷിക്കുന്നതിനും യുവതി യുവാക്കൾക്ക് ഉപജീവന സ്രോതസ്സായി കൈത്തറിയെ മാറ്റുന്നതിനുമായി കൈത്തറി-ടെക്‌സ്‌റ്റൈൽസ് ഡയറക്ടറേറ്റ് നടപ്പാക്കുന്ന യുവാ വീവ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 60 യുവനെയ്ത്തുകാർക്ക് സൗജന്യ തറികൾ വിതരണം ചെയ്തു. തെരഞ്ഞെടുത്ത സംഘങ്ങൾക്കുള്ള തറികൾ വ്യവസായ കയർ കൈത്തറി വകുപ്പ് മന്ത്രി പി. രാജീവ് കൈമാറി.

കൈത്തറി മേഖലയിലേക്ക് യുവജനങ്ങളുടെ കടന്നുവരവ് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു. കൈത്തറി മേഖലയുടെ പ്രതിസന്ധികൾ മറികടക്കാൻ സർക്കാർ ഊർജിത ശ്രമം തുടരുകയാണ്. മേഖലയുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി നിയമിച്ച കമ്മിറ്റി റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരുമെന്നും, റിപ്പോർട്ടിന് അനുസൃതമായ മാറ്റങ്ങൾ കൈത്തറി മേഖലയിൽ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൈത്തറി മേഖലയുടെ സമഗ്ര വികസനം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ കൈത്തറി ടെക്‌സ്‌റ്റൈൽസ് ഡയറക്ടറേറ്റ്  നിരവധി വികസന ക്ഷേമ പദ്ധതികളാണ് നടപ്പാക്കുന്നത്. യുവ വീവ് പദ്ധതിയുടെ ജില്ലയിലെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് തറികൾ വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ 18നും 40നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക്  നെയ്ത്തിൽ പരിശീലനം നൽകി. ഉദയ മഹിളാ സമാജം, ട്രാവൻകൂർ ടെക്സ്റ്റയിൽസ്, പെരിങ്ങമല ഹാൻഡ്‌ലൂം വീവിംഗ് സൊസൈറ്റി എന്നീ കൈത്തറി സംഘങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 20 പേർക്ക് വീതം പരിശീലനം ലഭിച്ചു. ഇവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ കൈമാറി.

കാരയ്ക്കാമണ്ഡപം അൽ സാജ് കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിൽ പൊന്നുമംഗലം വാർഡ് കൗൺസിലർ എം. ആർ. ഗോപൻ അധ്യഷനായി. കേന്ദ്ര ആവിഷ്‌കൃത പദ്ധതികൾ, മുദ്ര ലോൺ, സ്വയം തൊഴിൽ പദ്ധതികൾ, നെയ്ത്തുകാർക്കുള്ള ഇൻഷുറൻസ് പദ്ധതികൾ, ഭൗമസൂചിക പദവി, ഐഐടി പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ ശില്പശാലയും നടന്നു.

date