Skip to main content

തീരസദസ് ശനിയാഴ്ച മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്  ശനിയാഴ്ച (മെയ് 27) രാവിലെ 10.30 ന് ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തീരപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കി പരിഹരിക്കുന്നതിനും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനു മായാണ് കൊച്ചി, വൈപ്പിന്‍ നിയോജക മണ്ഡലങ്ങളിൽ അദാലത്ത് മാതൃകയില്‍ തീരസദസ് സംഘടിപ്പിക്കുന്നത്.  

കൊച്ചി മണ്ഡലത്തില്‍ ഫോർട്ടുകൊച്ചി ഗ്രാന്റ് കാനിയൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതല്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും  ഫോർട്ട്‌കൊച്ചി വെളി ഗ്രൗണ്ടിൽ 10.30 മുതല്‍  തീരസദസും സംഘടിപ്പിക്കും. വൈപ്പിന്‍ മണ്ഡലത്തില്‍ ഞാറയ്ക്കലിലെ ഐലന്റ് ക്ലബ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും ഞാറയ്ക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ വൈകിട്ട് അഞ്ചു മുതല്‍ തീരസദസും സംഘടിപ്പിക്കും.

ഓൺലൈനായും ഓഫ് ലൈനായും ലഭിച്ച 1020 പരാതികളാണ് തീരസദസിൽ പരിഗണിക്കുന്നത്. കൊച്ചി മണ്ഡലത്തിൽ 556 ഉം വൈപ്പിനിൽ 464 പരാതികളും പരിഗണിക്കും. 

മത്സ്യത്തൊഴിലാളികളുടെ പാരമ്പര്യ അറിവ് ആധാരമാക്കി, പ്രാദേശിക പരിഗണന നല്‍കി നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള ചുവടുവെയ്പ്പാണ് തീരസദസ്.  47 തീരദേശ മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന തീരസദസ് 2023 ഏപ്രിൽ 23 ന് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.   ഹൈബി ഈഡൻ എം.പി.,  കെ.ജെ. മാക്സി എം.എൽ.എ,  ഉണ്ണികൃഷ്ണൻ എം.എൽ.എ, കൊച്ചി മേയർ എം. അനിൽകുമാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

date