Skip to main content

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകും : ജില്ലാ കളക്ടര്‍

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. പ്രവാസികളുടെ കഴിവും നിക്ഷേപവും നമ്മുടെ നാടിന് പ്രയോജപ്രദമാക്കണം. പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കളക്ടറേറ്റിലെ നോര്‍ക്കയുടെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ ബോധവത്ക്കരണം ജനങ്ങള്‍ക്ക് നല്‍കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് മികച്ച ഇടപെടലുകള്‍ ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.
പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ സത്വര പരിഹാരത്തിനായാണ് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതിയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കണ്‍വീനറുമാണ്. പ്രവാസികള്‍ പ്രശ്ന പരിഹാരത്തിനായി കമ്മറ്റിക്ക് സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ കമ്മറ്റി അതത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരിട്ട് നല്‍കും. കമ്മറ്റി നല്‍കുന്ന ശുപാര്‍ശകളി•േല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഒരുമാസത്തിനുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നേരിട്ട് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കും. പ്രവാസിക്ഷേമം നിയമസഭാ സമിതി സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ ആറിന് രാവിലെ 10.30ന് നടക്കും. അഞ്ച് എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവാസിക്ഷേമം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുക. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തി പരാതികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി അംഗങ്ങളായ ആര്‍.രഘുനാഥ് ഇടത്തിട്ട, ആനി ജേക്കബ്, എം.എ. സലാം, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ പി. രാജേഷ്‌കുമാര്‍, ഡിസിആര്‍ബി ഡിവൈഎസ്പി ജി. ബിനു,  അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, ഹുസൂര്‍ ശിരസ്ദദാര്‍ ബീന എസ് ഹനീഫ്, തിരുവല്ല ആര്‍ഡിഒ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ബിനു ഗോപാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ എസ്. സഫര്‍മാ തുടങ്ങിയവര്‍ പങ്കെടുത്തു.

date