Skip to main content

കൂട്ടാലിട അങ്ങാടി അണിഞ്ഞൊരുങ്ങുന്നു

 

നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മലനിരകളുടെ കാഴ്ചകളാണ് കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിട അങ്ങാടിയെ മനോഹരമാക്കുന്നത്. പ്രകൃതി നൽകിയ സൗന്ദര്യത്തിന് പുറമേ കൂടുതൽ അണിഞ്ഞൊരുങ്ങാൻ പോവുകയാണ് കൂട്ടാലിട. വിനോദം, കല, കായികം, വ്യാപാരം തുടങ്ങിയവയിൽ സമഗ്രവികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് കൂട്ടാലിടയിൽ സൗന്ദര്യവത്കരണം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

ടൗണിന് പിന്നിലൂടെ മെയിൻ റോഡിന് സമാന്തരമായി പോകുന്ന കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്ടിന്റെ സ്ഥലത്താണ് സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് മുതൽ കോട്ടൂർ പഞ്ചായത്ത് ഓഫീസ് വരെ ഒരു കിലോമീറ്റർ ദൂരത്തിൽ മോടി കൂട്ടും. കനാലിന്റെ ഇരുവശങ്ങളിലും വീഥിയൊരുക്കും. ഹാൻഡ് റെയിൽസ്, ഇരിപ്പിടങ്ങൾ, കുട്ടികളുടെ പാർക്ക്, വോളിബോൾ കോർട്ട്, ഗ്യാലറി, വൈദ്യുത ദീപ നിര, പാർക്കിങ് ഏരിയ, വയോജന പാർക്ക്, ഓപ്പൺ ജിം, ഓപ്പൺ എയർ തിയേറ്റർ, ശുചി മുറികൾ എന്നിവയും ഉണ്ടാകും.

കനാൽ തീരത്ത് ചെറിയ കടകൾ പണിയും. കനാലിന്റെ ഇരുവശവും ബന്ധിപ്പിക്കാൻ താത്ക്കാലിക പാലവും നിർമിക്കും. അഞ്ച് കോടി രൂപയുടെ വികസനമാണ് പ്രാഥമിക ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിട്ടുണ്ട്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും അനുവദിച്ചു. ബാക്കി തുക ജില്ലാ- ബ്ലോക്ക്‌ - ഗ്രാമപഞ്ചായത്ത് തലത്തിൽ കണ്ടെത്തും. ഇറിഗേഷന്റെ സ്ഥല സർവേ നടപടി അന്തിമ ഘട്ടത്തിലാണ്.

date