Skip to main content

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

തിരുവനന്തപുരം നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പല ചരക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, പഴം, പച്ചക്കറി കടകൾ, ബേക്കറി, ഇറച്ചിക്കടകൾ എന്നിങ്ങനെ 45 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും തദ്ദേശഭരണസ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ്, ഭക്ഷ്യസുരക്ഷ ലൈസൻസ് എന്നിവ ഇല്ലാതെയും അളവ് തൂക്ക ഉപകരണങ്ങളിൽ മുദ്രവെക്കാതെയും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ലൈസൻസ് ലേബലുകളില്ലാതെ പാക്ക് ചെയ്ത സാധനങ്ങൾ വിൽക്കുന്നതായും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായും പരിശോധനാ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഗുരുതരമായ എട്ട് ക്രമക്കേടുകൾക്ക് 12,000 രൂപ പിഴ ഈടാക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമുള്ള പരിശോധന സംഘത്തിൽ പൊതുവിതരണം, അളവുതൂക്കം, ഭക്ഷ്യസുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെ ഉൾപ്പെടുത്തി വ്യാപക പരിശോധന നടത്തുമെന്ന് അസിസ്റ്റന്റ് കളക്ടർ അറിയിച്ചു.

തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസർ ബീന ഭദ്രൻ, തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസർ ബിജു പി.വി, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർമാരായ ചന്ദ്രബാബു എസ് .എസ്, പ്രിയ ബി., ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ മഗുഫിറത്ത്, ഡോ.കാർത്തിക എന്നിവരും സംഘത്തിലുണ്ടായിരുന്നു.

date