Skip to main content

തിരുവോണം ബമ്പർ:  ജില്ലയിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വിൽപന എഡിഎം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. വലിയ സമ്മാനത്തുക നൽകുന്നതിനൊപ്പം നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറിയെന്ന് അദ്ദേഹം പറഞ്ഞു. 25 കോടി രൂപയാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക് നൽകും (ഓരോ പരമ്പരയിലും രണ്ട് സമ്മാനം). നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക് നൽകും. 125.54 കോടി രൂപയാണ് ആകെ സമ്മാനത്തുക. ജില്ലയിൽ ഇത്തവണ മൂന്നര ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിൽപന നടത്തുന്നത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 20ന് നറുക്കെടുപ്പ് നടക്കും.
കണ്ണൂർ പിആർ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ ഹരികൃഷ്ണൻ അധ്യക്ഷനായി. അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ സി എം ബീന, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ടി പ്രദീപൻ, ജില്ലാ ഭാഗ്യക്കുറി ജൂനിയർ സൂപ്രണ്ട് പി കെ ദീപേഷ് കുമാർ, പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അനിൽ ഭാസ്‌കർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ട്രേഡ് യൂണിയൻ നേതാക്കളായ ടി നാരായണൻ, എൻ സി ധനരാജ്, ഭാഗ്യക്കുറി ഓഫീസ് ജീവനക്കാർ, ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

date