Skip to main content

ഹയർസെക്കണ്ടറി തുല്യത:  ഉന്നത വിജയികൾക്ക് അനുമോദനം

ഹയർസെക്കണ്ടറി തുല്യത പരീക്ഷയിൽ മികച്ച വിജയം നേടിയ വിവിധ മേഖലയിലുള്ളവരെ ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പല കാരണങ്ങളാൽ പാതിവഴിയിൽ പഠനം മുടങ്ങിയ തലശ്ശേരി വടക്കുമ്പാടെ ഇർഷത്തുൽ ഇർഷാന, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ്, പിണറായിലെ എം സദാനന്ദൻ, ചെറുതാഴം ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ഇ വസന്ത എന്നിവരെയാണ് അനുമോദിച്ചത്.
പ്ലസ് വണ്ണിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇർഷാനക്ക് വിവാഹത്തിന് ശേഷം പഠിക്കാൻ കഴിഞ്ഞിരുന്നില്ല. പാതിവഴിയിൽ മുടങ്ങിയ പഠനം വീണ്ടും തുടർന്നു. ഹയർ സെക്കണ്ടറി തുല്യതയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. ഇപ്പോൾ ഇഗ്നോ സർവകലാശാലയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ ബിരുദ വിദ്യാർഥിയാണ് ഇർഷാന. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായ എം സദാനന്ദൻ 65ാം വയസിലാണ് ഹയർ സെക്കണ്ടറി തുല്യത പാസായത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം സുർജിത്ത്, സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, അസി. കോ ഓർഡിനേറ്റർ ടി വി ശ്രീജൻ എന്നിവർ സംസാരിച്ചു.

date