Skip to main content

മാലിന്യ മുക്ത പഞ്ചായത്താകാനൊരുങ്ങി തിരുവാണിയൂർ

 

 മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യമുക്ത പഞ്ചായത്താകാനൊരുങ്ങി തിരുവാണിയൂർ ഗ്രാമപഞ്ചായത്ത്‌.  മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ജനകീയ ഹരിത ഓഡിറ്റ് സഭ  ചേർന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഭരണസമിതി സ്വീകരിച്ച നടപടികൾ ചർച്ച ചെയ്യുകയും തുടർപ്രവർത്തങ്ങളിൽ തീരുമാനം എടുക്കുകയും ചെയ്തു. ക്യാമ്പയിന്റെ  അടിയന്തരഘട്ട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിൽ നിരവധി പ്രവർത്തങ്ങളാണ് നടപ്പാക്കിയത്.

പൊതുയിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. 
പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, വാർഡ് തല ശുചിത്വ - ആരോഗ്യ പോഷണ സമിതി പ്രവർത്തകർ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ബാലസഭാ അംഗങ്ങൾ, സാംസ്കാരിക സംഘടനകളുടെ സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി.

പഞ്ചായത്തിലെ സ്വകാര്യ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ അജൈവമാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണവും  തരംതിരിക്കലും ഉർജ്ജിതമാക്കി. ഹരിത കർമ്മ സേനക്ക് ആവശ്യമായസുരക്ഷാ ഉപാധികൾ, ഇൻഷുറൻസ് പരിരക്ഷ, വാഹനസൗകര്യം എന്നിവ ലഭ്യമാക്കി. പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നു. 

മാലിന്യ സംസ്കരണ പ്രവർത്തങ്ങളെ ശക്തിപ്പെടുത്താൻ നിരവധി പദ്ധതികൾ തുടർന്നും പഞ്ചായത്തിൽ നടപ്പാക്കും. ഇതിന്റ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ബയോബിൻ വിതരണം ചെയ്യും. ആദ്യഘട്ടമെന്ന നിലയിൽ കൊച്ചിൻ റിഫൈനറിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിലൂടെ 1000 പേർക്കാണ്  ബയോ ബിൻ വിതരണം ചെയ്യുക. കൂടാതെ മാലിന്യനിക്ഷേപം തടയുന്നതിനായി നിരീക്ഷണക്യാമറകൾ സ്ഥാപിക്കും.

 കാനാ, പൊതു ടോയ്ലറ്റ് എന്നിവയുടെ നിർമ്മാണം, സാനിറ്ററി പാഡ് ഡിസ്ട്രോയർ സ്ഥാപിക്കൽ, ഹരിതകർമ്മ സേനക്ക് പരിശീലനം നൽകൽ, അവർക്ക് ഇലക്ട്രോണിക് ഓട്ടോ ലഭ്യമാൽ, ശുചിത്വബോധവൽക്കരണ ബോർഡ്‌ സ്ഥാപിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പാക്കുക.

date