Skip to main content

ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് ഒരാഴ്ചക്കകം വിവരം നല്‍കണം

- ജില്ലാ വികസന സമിതി

അധ്യയന വര്‍ഷം തുടങ്ങി 2 മാസം കഴിഞ്ഞിട്ടും ഇതുവരെയും സ്‌കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാര്‍ത്ഥികളുടെ കൃത്യമായ കണക്ക് സ്‌കൂള്‍ അടിസ്ഥാനത്തില്‍ ആഗസ്റ്റ് നാലിനകം ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി. ഈ ലിസ്റ്റ് പട്ടികവര്‍ഗ്ഗ വകുപ്പിന് നല്‍കണം. ടി.ഇ.ഒമാര്‍ ലിസ്റ്റ് പരിശോധിച്ച് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണമെടുക്കണം. സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ വിവരങ്ങള്‍ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മുഖേന കോളനികളിലെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ഒരാഴ്ചക്കകം കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. വിദ്യാവാഹിനി പദ്ധതിയില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നതിനായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതായി പട്ടിക വര്‍ഗ്ഗ വകുപ്പ് അധികൃതര്‍ അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും ജനവാസ കേന്ദ്രങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തിയുടെ പുരോഗതിയും യോഗം വിലയിരുത്തി. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തിയും യോഗം വിലയിരുത്തി. ബില്ല് അടയ്ക്കാത്തതിനെത്തുടര്‍ന്ന് വൈദ്യുതി വിഛേദിച്ച ട്രൈബല്‍ കോളനികളിലെ കുടിവെള്ള പദ്ധതികളുടേയും പൈപ്പുകള്‍, മോട്ടോറുകള്‍ എന്നിവ തകരാറിലായത് പരിഹരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
സുല്‍ത്താന്‍ ബത്തേരി - താളൂര്‍ റോഡ് പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കെ.ആര്‍.എഫ്.ബി അസി. എക്സികുട്ടീവ് എഞ്ചിനീയര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. മാനന്തവാടി നിയോജക മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ റോഡുനിര്‍മ്മാണവും തിരുനെല്ലി കാട്ടിക്കുളം - പനവല്ലി റോഡ് നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. ഒളിമ്പ്യന്‍ ടി. ഗോപിക്ക് വീട് വെക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ജില്ലയിലെ അതിഥി തൊഴിലാളികളുടെ കണക്ക് തദ്ദേശ സ്ഥാപന തലത്തില്‍ സൂക്ഷിക്കണം. വിവിധ വകുപ്പുകലുടെ സഹകരണത്തോടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണം. ജില്ലാ ലേബര്‍ ഓഫീസിനെ നോഡല്‍ ഓഫീസായി മറ്റു വകുപ്പുകളെ ഏകോപിപ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. എം.എല്‍.എ മാരുടെ ഫണ്ട് വിനിയോഗവും 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ വകുപ്പുകളുടെ സാമ്പത്തിക വിനിയോഗവും എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്റെ പുരോഗതിയും യോഗം വിലയിരുത്തി.
 
സി.എസ്.ആര്‍ കോണ്‍ക്ലേവ് മികച്ച രീതിയില്‍ നടത്താന്‍ സഹകരിച്ച എല്ലാ വകുപ്പുകളെയും ജില്ലാ വികസന സമിതി അഭിനന്ദിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിക്ക് നാഷണല്‍ ഹെല്‍ത്ത് മിഷനും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പീഡിയാട്രിക്കും യൂണിസെഫും ചേര്‍ന്ന് നല്‍കുന്ന മുലയൂട്ടല്‍ കാര്യക്ഷമമായി നടപ്പാക്കിയതിനുള്ള സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിന് വികസന സമിതി അഭിനന്ദനം അറിയിച്ചു. മികച്ച രീതിയില്‍ മണ്‍സൂണ്‍ ഫെസ്റ്റ് നടത്തിയതിന് നേതൃത്വം നല്‍കിയ ഡി.ടി.പി.സിയെയും ടൂറിസം വകുപ്പിനെയും അഭിനന്ദിച്ചു. കുട്ടികളുടെ ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് നൂറുശതമാനമാക്കുന്നതിനായി നടപ്പിലാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയും മികച്ച രീതിയില്‍ നടത്തണമെന്നും ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചു. 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള എ ഫോര്‍ ആധാര്‍ ക്യാമ്പെയിനിലൂടെ ഇതുവരെ ആധാര്‍ കാര്‍ഡ് എടുക്കാത്ത എല്ലാ കുട്ടികളും ആധാര്‍ എടുക്കണമെന്നും ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അദ്ധ്യക്ഷത വഹിച്ചു.  ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം എന്‍.ഐ ഷാജു, അഡീഷണല്‍ എസ്.പി. വിനോദ് പിള്ള, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date