Skip to main content

ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോമൈനിംഗ് എത്രയും പെട്ടന്ന് പൂർത്തിയാക്കണം: മന്ത്രി എം ബി രാജേഷ്

കണ്ണൂർ കോർപറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോമൈനിംഗ് എത്രയും പെട്ടന്ന് പൂർത്തിയാക്കേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ബയോമൈനിംഗ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ബയോ മൈനിംഗ് വഴി നീക്കം ചെയ്യാനാണ് പദ്ധതി. ചേലാറയിൽ ബയോമൈനിംഗ് 60 ശതമാനം പൂർത്തിയാക്കി. ആദ്യപരിഗണന ബാക്കി 40 ശതമാനം കൂടി പൂർത്തിയാക്കുന്നതിനാണ്. മഴയായത് കൊണ്ട് ബയോമൈനിംഗ് നിർത്തിവെച്ചിരിക്കുകയാണ്. ബയോമൈനിംഗ് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശക്തമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. ചേലോറയിൽ ഏറ്റവും ആധുനികമായ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെൻറർ (എംസിഎഫ്) സ്ഥാപിക്കുമെന്നും അതിന് പണത്തിന്റെ ബുദ്ധിമുട്ട് വരില്ലെന്നും മന്ത്രി പറഞ്ഞു. കേരള സോളിഡ് വേസ്റ്റ്മാനേജ്‌മെൻറ് പ്രൊജക്ട് (കെഎസ്ഡബ്ല്യുഎംപി) അത് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിനാണ് സർക്കാർ ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. ആഗസ്റ്റ് മാസത്തിൽ വലിയ ഖരമാലിന്യ പരിപാലന പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കുകയാണ്. ലോകബാങ്കിന്റെ സാമ്പത്തിക സഹായമുള്ള 2400 കോടിയുടെ പദ്ധതി നഗരസഭകൾക്ക് മാത്രമുള്ളതാണ്. ഇതോടെ കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ കഴിയും. മാലിന്യ സംസ്‌കരണത്തെ സുഗമമാക്കുന്ന നിയമഭേദഗതി സർക്കാർ കൊണ്ടുവരും.
മാലിന്യം കൊണ്ടുപോയി തള്ളുന്ന പഴയകാല അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. എന്നാലിന്ന് അത് മാറി മാലിന്യ സംസ്‌കരണത്തിന് മികച്ച സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. മാലിന്യ സംസ്‌കരണ പ്ലാൻറുകൾ അപകടകരമാണെന്ന ജനങ്ങളുടെ മനോഭാവം മാറ്റാനുള്ള ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.പി രാജേഷ്, അഡ്വ. പി ഇന്ദിര, ഷമീമ ടീച്ചർ, സിയാദ് തങ്ങൾ, കൗൺസിലർമാർ, അമൃത് മിഷൻ കേരള എം ഡി അലക്‌സ് വർഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു

date