Skip to main content

വനിതാ ഫിറ്റ്‌നസ് സെന്ററുമായി മയ്യില്‍ ഗ്രാമപഞ്ചായത്ത്

 

വനിതകളെ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാക്കാന്‍ മയ്യില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ ഫിറ്റ്‌നസ് സെന്റര്‍ ഒരുങ്ങുന്നു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മയ്യില്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും.
സ്ത്രീകളില്‍ അധികമായി കണ്ടു വരുന്ന രക്തക്കുറവ്, ജീവിതശൈലി രോഗങ്ങള്‍, പി സി ഒ ഡി പ്രശ്‌നങ്ങള്‍ എന്നിവ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ സ്വന്തം ശരീരവും ആരോഗ്യവും മറന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവരുടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാനും ഫിറ്റ്‌നസ് സെന്റര്‍ ഉപകരിക്കും.
മയ്യില്‍ ബസ്റ്റാന്‍ഡില്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കുന്നത്. ജിമ്മിലേക്കാവശ്യമായ ഉപകരണങ്ങളും സജ്ജീകരണങ്ങളും ഇവിടെ ഒരുക്കി കഴിഞ്ഞു. കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമത്തിനും മസില്‍ സ്‌ട്രെങ്ത്തനിങ്ങിനും അമിതഭാരം കുറയ്ക്കുവാനുള്ള ഉപകരണങ്ങളായ ട്രെഡ്മില്‍, സ്പിന്‍ ബൈക്, മള്‍ട്ടി ജിം, എക്സര്‍സൈസ് ബൈക്, ക്രോസ് ട്രെയിനര്‍ എന്നിങ്ങനെയുള്ള ഫിറ്റ്നസ് ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്തോടെ ഫിറ്റ്‌നസ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കും. പഞ്ചായത്ത് നേതൃത്വം നല്‍കുന്ന ജനകീയ പരിപാലന കമ്മിറ്റിക്ക് ആണ് ജിമ്മിന്റെ നടത്തിപ്പ് ചുമതല. പ്രവര്‍ത്തന സമയം, ഫീസ് തുടങ്ങിയ കാര്യങ്ങള്‍ ഈ കമ്മിറ്റിയാണ് തീരുമാനിക്കുക.

date