Skip to main content

ഓണം ആഘോഷമാക്കാന്‍ 'ഓണശ്രീ' വില്ലേജ് ഫെസ്റ്റിവലുമായി തളിപ്പറമ്പ് മണ്ഡലം

ഇത്തവണത്തെ ഓണം ആഘോഷമാക്കാന്‍ 'ഓണശ്രീ' വില്ലേജ് ഫെസ്റ്റിവലുമായി തളിപ്പറമ്പ്. തളിപ്പറമ്പ് മണ്ഡലത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഓണശ്രീ' ആഗസ്റ്റ് 21 ന് തദ്ദേശസ്വയഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ്, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും (കുറുമാത്തൂര്‍, പരിയാരം, ചപ്പാരപ്പടവ്, കൊളച്ചേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം) രണ്ട് നഗരസഭകളിലുമായി (തളിപ്പറമ്പ്, ആന്തൂര്‍) ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികൾ  സംഘടിപ്പിക്കുമെന്ന്  എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.  
കുടുംബശ്രീ സ്റ്റാളുകളോടൊപ്പം സ്വയം സംരംഭകരുടെയും ചെറുകിട വ്യവസായ യൂണിറ്റുകളുടെയും സ്റ്റാളുകളും ഒരുക്കും. വ്യത്യസ്തമായ ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കി ഫുഡ് കോര്‍ട്ട് ആകര്‍ഷകമാക്കും. ജൈവ പച്ചക്കറി സ്റ്റാളുകള്‍, തദ്ദേശസ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം, കുടുംബശ്രീ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനം എന്നിവയുമുണ്ടാകും. കൂടാതെ എല്ലാ ദിവസവും പൊതുജന പങ്കാളിത്തത്തോടെയുള്ള കലാപരിപാടികള്‍ നടത്തും. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള സാംസ്‌കാരികമേളയാണ് സംഘടിപ്പിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു ദിവസം നീളുന്ന ഓണച്ചന്തയാണ് നടത്തിയിരുന്നത്.
പൊതുജനപങ്കാളിത്തത്തോടെ നടക്കുന്ന കലാസംസ്‌കാരിക പരിപാടികള്‍ ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ഈ മേള കുടുംബശ്രീ സംരംഭകരുടെയും വനിതാ കൂട്ടായ്മകളുടെയും ഉല്‍പന്നങ്ങള്‍ക്കുള്ള വിപുലമായ വിപണി ഒരുക്കുന്നതോടൊപ്പം ജനങ്ങളുടെ മാനസികോല്ലാസം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു.

തദ്ദേശ സ്ഥാപന അധ്യക്ഷൻ   ചെയര്‍മാനും    സി ഡി എസ് ചെയര്‍പേഴ്സണ്‍ കണ്‍വീനറുമായി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിന് കീഴിലും സംഘാടക സമിതി രൂപീകരിച്ചു.  
തളിപ്പറമ്പ് പ്രസ്സ് ഫോറം ഹാളില്‍ നടന്ന  വാർത്ത സമ്മേളനത്തില്‍ തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ബാബുരാജന്‍, ആന്തൂര്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date