Skip to main content

പുതിയ ചുവടുവെപ്പുമായി കുന്നുമ്മൽ വോളിബോൾ അക്കാദമി

 

ഒരു പതിറ്റാണ്ടിലേറെയായി മലയോര മേഖലയായ കുറ്റ്യാടിയുടെ മണ്ണിൽ നിന്നും നിരവധി വോളിബോൾ താരങ്ങളെ വാർത്തെടുത്ത കുന്നുമ്മൽ വോളിബോൾ അക്കാദമി പുതിയ ചുവടുവെപ്പിനൊരുങ്ങുന്നു. അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്റർക്ലബ്ബ് വോളിബോൾ ചാമ്പ്യൻഷിപ്പിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഭൂമിയിൽ കൂടുതൽ വിശാലമായ സൗകര്യങ്ങൾ ഒരുക്കാനാണ് അക്കാദമിയുടെ ശ്രമം. ഇതിനായി സംസ്ഥാന സർക്കാരും  കായിക വകുപ്പും വോളിബോൾ അക്കാദമിക്കൊപ്പമുണ്ട്.

ഇന്റർക്ലബ്ബ് വോളിബോൾ ചാമ്പ്യൻഷിപ്പിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് അക്കാദമിയുടെ കീഴിൽ കുന്നുമ്മൽ പഞ്ചായത്തിലെ വട്ടോളിയിൽ വാങ്ങിച്ച ഒരേക്കർ സ്ഥലത്താണ് കായിക മേഖലയിലെ ഭാവിതാരങ്ങളെ വാർത്തെടുക്കാൻ പുതിയ സൗകര്യങ്ങളൊരുക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്  ഈ സ്ഥലത്ത് നടപ്പിലാക്കുക.

വികസന പ്രവൃത്തിയുടെ ഉദ്ഘാടനം ആഗസ്റ്റ് നാലിന്  ഉച്ചക്ക് രണ്ട് മണിക്ക് കുന്നുമ്മൽ പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ.കെ അജയകുമാർ പദ്ധതി വിശദീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സ്‌പോർട്‌സ് താരങ്ങൾ, സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹിക കായിക രംഗത്തെ വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. 

ദേശീയ-അന്തർദേശീയ വോളിബോൾ മത്സരങ്ങൾക്കായി നിരവധി കായിക താരങ്ങളെ സംഭാവനകൾ നൽകിയ കുന്നുമ്മൽ വോളി അക്കാദമി 13 വർഷം മുമ്പായിരുന്നു സ്ഥാപിച്ചത്. ഇവിടെ നിന്നും പരിശീലനം ലഭിച്ച നിരവധി താരങ്ങൾ കേരളത്തിലും പുറത്തും വോളിബോൾ മത്സരങ്ങളിൽ പങ്കെടുത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിച്ചാണ് വോളിബോൾ മത്സരത്തിൽ പരിശീലനം നേടുന്നത്.

date