Skip to main content

പുതമണ്‍ പാത: ടെന്‍ഡര്‍ ക്ഷണിച്ചു

പുതമണ്‍ താല്‍ക്കാലിക പാതയുടെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. 30.38 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. പെരുന്തോടിന് ഇരുവശത്തും ഉള്ള സ്വകാര്യ വ്യക്തികള്‍ താല്‍ക്കാലികമായി വിട്ടു നല്‍കിയ വസ്തുവില്‍ അപ്രോച്ച് റോഡ് നിര്‍മ്മിച്ച് പെരുന്തോടിന് കുറുകെ കോണ്‍ക്രീറ്റ് റിംഗ് സ്ഥാപിച്ചായിരിക്കും താല്‍ക്കാലിക പാത നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല.
      റാന്നിയില്‍ നിന്നും കോഴഞ്ചേരിക്ക് ഉള്ള പ്രധാന പാതയായ മേലുകര - റാന്നി റോഡില്‍ പുതമണ്ണില്‍ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്ക മൂലം അപകടാവസ്ഥയില്‍ ആയതിനേ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 25നാണ് വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് പാലം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം സ്ഥിരീകരിച്ചത്.
പാലം അടച്ചതോടെ റാന്നിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഒന്നുകില്‍ പേരൂ ച്ചാല്‍ പാലം വഴി ചെറുകോല്‍പ്പുഴ - റാന്നി റോഡില്‍ എത്തി വേണം കോഴഞ്ചേരിക്ക് പോകാന്‍ . അല്ലെങ്കില്‍ പുതമണ്ണില്‍ നിന്നും തിരിഞ്ഞ് അന്ത്യാളന്‍ കാവ് വഴി തിരിഞ്ഞ് വേണം പാലത്തിന്റെ മറുകരയിലെത്താന്‍.
     പുതിയ പാലം നിര്‍മ്മിക്കുന്നത് വരെ ജനങ്ങള്‍ നേരിടുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ താത്കാലിക പാത അനുവദിച്ചിരിക്കുന്നത്. പുതിയ സ്ഥിരം പാലത്തിന്റെ മണ്ണ് പരിശോധന പൂര്‍ത്തീകരിച്ച് എസ്റ്റിമേറ്റും ഡിസൈനും സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ് 2.5 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് സര്‍ക്കാരില്‍ പുതിയ പാലത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.

date