Skip to main content

സമ്പൂർണ വാക്‌സിനേഷൻ തീവ്രയജ്ഞം: ജില്ലാതല ആലോചനായോഗം നാളെ ഈരാറ്റുപേട്ടയിൽ

കോട്ടയം: ദേശീയതലത്തിൽ നടക്കുന്ന സമ്പൂർണ വാക്‌സിനേഷൻ തീവ്രയജ്ഞത്തിന്റെ ജില്ലാതല ആലോചനായോഗം നാളെ( ഓഗസ്റ്റ 6) രാവിലെ 11.00 മണിക്ക് ഈരാറ്റുപേട്ടയിൽ നടക്കും. ഈരാറ്റുപേട്ട വ്യാപാരഭവൻ ഹാളിൽ നടക്കുന്ന യോഗം  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ സഫ്‌ല ഫിർദൗസ്, പ്രമുഖ രാഷ്ട്രീയ, മത നേതാക്കൾ എന്നിവർ സംസാരിക്കും.
ഓഗസ്റ്റ് ഏഴു മുതൽ 12 വരെ ജില്ലയിലുടനീളം പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
 രണ്ടാം ഘട്ട ക്യാമ്പുകൾ സെപ്റ്റംബർ 11 മുതൽ 16 വരെയും, മൂന്നാം ഘട്ട ക്യാമ്പുകൾ ഒക്‌ടോബർ 9 മുതൽ 14 വരെയും നടക്കും.
ജനനം മുതൽ അഞ്ചു വയസുവരെ കുഞ്ഞുങ്ങൾ 11 തരം വാക്‌സിനുകളാണ് നിർബന്ധമായും സ്വീകരിക്കേണ്ടത്. ഇവ പൂർണമായും സൗജന്യമായി, മികച്ച ശീതീകരണ ശൃംഖല ക്രമീകരിച്ചുകൊണ്ട്, മികച്ച പരിശീലനം സിദ്ധിച്ച നഴ്‌സുമാരാണ് നൽകുന്നത്. ഇവ കൃത്യമായും പൂർണമായും സ്വീകരിക്കേണ്ടത് 11 മാരകരോഗങ്ങളിൽനിന്നു സുരക്ഷ നേടുന്നതിന് അത്യന്താപേക്ഷിതമാണ്. എന്നാൽ കുട്ടികൾ സ്വീകരിക്കേണ്ട പല വാക്‌സിനുകളും കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിപ്പോയിരിക്കുന്നതായി ദേശീയതലത്തിലുള്ള സർവേകൾ സൂചിപ്പിക്കുന്നതായും ഇത് കുട്ടികളുടെ ആരോഗ്യത്തെയും പൊതുജനാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:എൻ.പ്രിയ പത്രസമ്മേളനനത്തിൽ അറിയിച്ചു.
അഞ്ചു വയസുവരെ സ്വീകരിക്കേണ്ട വാക്‌സിനുകൾ മുടങ്ങിയ കുഞ്ഞുങ്ങളെ ആശാ പ്രവർത്തകരുടെ സന്ദർശനത്തിലൂടെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ജൂലൈ മാസം പൂർത്തീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ 182 കുട്ടികൾ പൂർണമായി വാക്‌സിൻ ഡോസുകൾ സ്വീകരിച്ചിട്ടില്ലെന്നും 30 കുട്ടികൾ ഒരു വാക്‌സിനും സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ജില്ലയിൽ ഈരാറ്റുപേട്ട നഗരസഭ, പാറത്തോട്, കാളകെട്ടി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വാക്‌സിനേഷൻ മുടങ്ങിയിരിക്കുന്നത്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ വാക്‌സിനേഷൻ പ്രചാരണം ശക്തമാക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെയിടയിലും പൂർണമായും വാക്‌സിനുകൾ സ്വീകരിക്കാത്തവർ കൂടുതലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി അവരുടെ താമസസ്ഥലങ്ങൾക്കരികിലായി ക്യാമ്പുകൾ സംഘടിപ്പിക്കും.
ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ക്യാമ്പുകൾ സംഘടിപ്പിച്ച് ജില്ലയിലെ മുഴുവൻ കുട്ടികളെയും പൂർണമായി വാക്‌സിനേഷൻ നൽകാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ഡി.എം.ഒ. അറിയിച്ചു. പ്രവർത്തനങ്ങൾക്ക് സമൂഹത്തിലെ എല്ലാവരുടെയും പിന്തുണയും സഹായവും ഡി എം ഓ അഭ്യർത്ഥിച്ചു.

ഡോക്ടർമാർ, പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ, ആശാപ്രവർത്തകർ തുടങ്ങിയവർക്ക് പുറമെ അങ്കണവാടി പ്രവർത്തകർ, ഹരിതകർമ സേന അംഗങ്ങൾ, കുടുംബശ്രീ തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെയും മത-സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ സംഘടനകൾ എന്നിവരുടെയും സഹകരണത്തോടെയാകും കുട്ടികളുടെ വാക്‌സിനേഷൻ നടത്തുക.
പത്ര സമ്മേളനത്തിൽ ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ അജയ്‌മോഹൻ, ജില്ലാ ആർ.സി. എച്ച് ഓഫീസർ ഡോ: കെ.ജി സുരേഷ്, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഡോമി ജോൺ തുടങ്ങിയവർ പങ്കെടുത്തു.
 

date