Skip to main content

ഖരമാലിന്യ പദ്ധതി: തളിപ്പറമ്പ് നഗരസഭ മാസ്റ്റർ പ്ലാൻ തയ്യാറാക്കും

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി അടുത്ത അഞ്ച് വർഷത്തേക്കുള്ള ഖരമാലിന്യ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തളിപ്പറമ്പ് നഗരസഭ. ഇതിന്റെ ആലോചനാ യോഗം നഗരസഭയിൽ ചേർന്നു. ആദ്യഘട്ടത്തിൽ നഗരസഭായിൽ നിലവിലെ ശുചിത്വ-സേവന സംവിധാനങ്ങളിലുള്ള വിടവുകൾ കണ്ടെത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കും. അത് പ്രകാരം കണ്ടെത്തുന്ന ആശയങ്ങളും നിർദേശങ്ങളും സംയോജിപ്പിച്ച് അടുത്ത അഞ്ച് വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ  തയാറാക്കും. നഗരസഭയിൽ നിന്നും ആഗ്രഹിക്കുന്ന സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആവശ്യങ്ങളും ആലോചനാ യോഗത്തിൽ പങ്കുവെച്ചു. ഖരമാലിന്യ രംഗത്ത് ഈ വർഷം മൂന്ന് കോടിയുടെ പദ്ധതികളാണ് നടപ്പാക്കുക. ഇതിൽ എംസിഎഫ് നവീകരണം, കേന്ദ്രീകൃത സാനിറ്ററി സംസ്‌കരണ പ്ലാന്റ്, വിൻഡ്രോ കമ്പോസ്റ്റ് നിർമ്മാണം തുടങ്ങിയവ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാർ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെയാണിത് നടപ്പാക്കുന്നത്.
നഗരസഭ  ചെയർപേഴ്സൺ മുർഷിദ കൊങ്ങായി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. കെഎസ്ഡബ്ല്യുഎംപി സോഷ്യൽ എക്സ്പെർട്ട് ഇ വിനോദ്കുമാർ യോഗത്തിന്റെ ആമുഖാവതരണവും, ഡെപ്യൂട്ടി കോ ഓർഡിനേറ്റർ കെ എസ് ഷിന്റ പദ്ധതി വിശദീകരണവും നടത്തി. നഗരസഭാ എസ്ഡബ്ല്യുഎം എഞ്ചിനീയർ മിഥുൻ രാജ് നിലവിലുള്ള ഖരമാലിന്യ പരിപാലന പദ്ധതികളിലുള്ള വിടവുകൾ അവതരിപ്പിച്ചു. സെക്രട്ടറി കെ പി സുബൈർ, സ്ഥിരം സമിതി അധ്യക്ഷരായ പി പി മുഹമ്മദ് നിസാർ, കെ പി ഖദീജ, കൗൺസിലർമാരായ ഇ കുഞ്ഞിരാമൻ, ക്ലീൻ സിറ്റി മാനേജർ ( ഇൻ ചാർജ്) വത്സരാജ്, ഡിപിഎംയു എൻവിയോണ്മെന്റ് എഞ്ചിനീയർ പി  ധനേഷ്, മോണിറ്ററിങ് ആന്റ് ഇവാലുവേഷൻ വിദഗ്ദൻ കെ ടി ജിജു, പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾറ്റന്റ് പ്രതിനിധി പ്രേംലാൽ   ടെക്നിക്കൽ സപ്പോർട്ട് കൺസൾട്ടന്റ് പ്രതിനിധി ടി എം ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
 

date