സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡില്‍ അപകടകരമായി പാര്‍ക്ക് ചെയ്ത വാഹനം പിടിച്ചെടുത്തു
വാഹനത്തിന്റേത് വ്യാജ നമ്പര്‍
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വള്ളത്തോള്‍ ജംഗ്ഷനും എച്ച്എംടി റോഡിനും ഇടയില്‍ വിദ്യാനഗര്‍ കോളനിക്ക് സമീപം അപകടകരമായി പാര്‍ക്ക് ചെയ്ത വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. എറണാകുളം ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പതിവ് പട്രോളിംഗിനിടെ കഴിഞ്ഞ ബുധനാഴ്ച ( ആഗസ്റ്റ് 2) രാത്രി പത്തരയോടെയാണ് റോഡില്‍ അപകടം ക്ഷണിച്ചു വരുത്തുന്ന രീതില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി സിയാസ് കാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം ലോക്ക് ചെയ്ത നിലയിലായിരുന്നു.
കുറച്ച് നേരം നോക്കിയെങ്കിലും ആരെയും കാണത്തതിനാല്‍ വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് ഉടമയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി ബന്ധപ്പെട്ടു. അപ്പോഴാണ് വാഹനത്തിന്റേത് വ്യാജ നമ്പറാണ് എന്ന് മനസിലാകുന്നത്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സെബിൻ എന്ന വ്യക്തിയുടെ ഇതേ മോഡലിലുള്ള (മാരുതി സിയാസ്) കാറിന്റെ നമ്പറാണ് വ്യാജമായി വാഹനത്തില്‍ പതിപ്പിച്ചിരുന്നത്. യഥാര്‍ത്ഥ നമ്പറുള്ള കാര്‍ നിലവില്‍ ഉടമയുടെ ബന്ധുവിന്റെ കൈവശം കണ്ണൂരിലാണുള്ളത് എന്ന് അന്വേഷത്തില്‍ ബോധ്യപ്പെട്ടു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജനമ്പര്‍ പതിപ്പിച്ച കാറിന്റെ ഉടമ കൊടുങ്ങല്ലൂര്‍ സ്വദേശി ഹാഷിം ആണ് എന്ന് മനസ്സിലാകുന്നത്. ഇയാളെ ബന്ധപ്പെട്ടപ്പോള്‍ നിലവിൽ മസ്ക്കറ്റിൽ ആണെന്നും മാസങ്ങള്‍ക്ക് മുമ്പ് താന്‍ തന്റെ ബന്ധുവിനു വാഹനം ഏല്പിച്ചിട്ടാണ് പോയത് എന്നും ബന്ധുവിന്റെ കയ്യിൽ നിന്ന് വാഹനം മോഷണം പോയി എന്നും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. നിലവില്‍ പോലീസ് കേസുള്ളതിനാല്‍ പടിച്ചെടുത്ത വാഹനം കളമശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അടുത്ത ദിവസം കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ പോള്‍, ടി.ജി നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
- Log in to post comments