Skip to main content

ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണം: കോട്ടയം താലൂക്ക് വികസന സമിതി യോഗം

കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്താനും തിരിച്ചറിയൽ കാർഡ് നൽകാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോട്ടയം താലൂക്ക് തല വികസന സമിതി യോഗം.  ദേശീയ പാതയുടെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന  സോളാർ ബൾബുകൾ ഭൂരിഭാഗവും പ്രകാശിക്കുന്നില്ല. നാഗമ്പടം ഹോമിയോ ആശുപത്രിക്ക് മുന്നിൽ എം.സി. റോഡിലുള്ള ബസ് സ്റ്റോപ്പിൽ സീബ്രാലൈൻ സ്ഥാപിക്കണം. തിരുനക്കര അമ്പലത്തിൽ നിന്നും മിനി സിവിൽ സ്റ്റേഷനിലേക്കുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മിനി സിവിൽ സ്റ്റേഷനിൽനിന്നു പ്രധാന റോഡിലിറങ്ങുന്ന ഭാഗത്ത് ഹമ്പുകളും പള്ളം പവർ ഹൗസ് ഭാഗത്ത് നിന്നും എം.സി റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം. പാറേച്ചാൽ റോഡിൽ കക്കൂസ് മാലിന്യം തള്ളുന്നതായും ഇതിനെതിരേ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ഓട്ടോറിക്ഷക്കാർ അമിതചാർജ്ജ് ഈടാക്കുന്നുവെന്ന പരാതിയിൽ ചാർജ്ജ് ഏകീകരണം നടത്തണമെന്ന ആവശ്യം ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റിയിൽ ചർച്ച ചെയ്യാൻ യോഗം തീരുമാനിച്ചു. ജൽ ജീവൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിനും റോഡുകൾ ടാർ ചെയ്യുന്നതിനും കാലതാമസം നേരിടുന്നതിനാൽ ഗതാഗതം തടസം തുടരുകയാണെന്നും പ്രശ്‌നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് ചേർക്കാനും വികസന സമിതി യോഗത്തിൽ തീരുമാനമായി. തഹസീൽദാർ എസ്.എൻ. അനിൽകുമാർ, ഭൂരേഖ തഹസീൽദാർ കെ.എഫ് യാസിർ ഖാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ പ്രതിനിധി എസ്. രാജീവ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date