Skip to main content

ജില്ലാ വികസന സമിതി യോഗം ചേർന്നു 

 

ജില്ലയിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ ജില്ലാ വികസനസമിതി യോഗം ചേർന്നു. ജില്ലയിലെ വികസന പ്രവൃത്തികളുടെ പുരോഗതിയും സ്വീകരിക്കേണ്ട തുടർ നടപടികളും യോഗം വിലയിരുത്തി.

എരഞ്ഞിമാവ് കൂളിമാട് റോഡ് പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ചതായും പുതിയങ്ങാടി മാളിക്കടവ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കിഫ്‌ബി പ്രവൃത്തികൾക്കായി കെ ആർ എഫ് ബി ക്ക് കൈമാറിയിട്ടുണ്ടെന്നും 
പി ഡബ്ല്യൂ ഡി റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കക്കട്ടിൽ ടൗണിലൂടെ കടന്നു പോകുന്ന സംസ്ഥാനപാതയിൽ കുടിവെള്ള പൈപ്പ് ലൈനിന് വേണ്ടി കുഴിച്ച റോഡ് ഭാഗം പുനരുദ്ധരിക്കാനുള്ള എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.

ഹാർബർ എൻജിനീയറിങ് ഓഫീസിനുവേണ്ടി ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം വിട്ടു നൽകുന്നത് സംബന്ധിച്ചും വടകര ആർ ഡി ഒ ഓഫീസ് നിർമ്മിക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള ഭൂമി കൈമാറി കിട്ടുന്നത് സംബന്ധിച്ചും സർക്കാർ തലത്തിൽ തീരുമാനമെടുക്കാവുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മണിയൂർ ഐടിഐ കെട്ടിട നിർമ്മാണത്തിനുള്ള സ്ട്രക്ചർ ഡിസൈൻ ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമെന്നും കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലായുള്ള മാളിയേക്കൽ ലിഫ്റ്റ്  ഇറിഗേഷൻ പദ്ധതി പ്രകാരം പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി സെപ്റ്റംബർ മാസം പുനരാരംഭിക്കുമെന്നും ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രവൃത്തികൾ ടെണ്ടർ  നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പൂർത്തിയാക്കുമെന്നും മൈനർ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ചെക്യാട് പാറക്കടവ് റോഡിൽ കൾവർട്ട്, കോൺക്രീറ്റ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. വടകര കുടുംബകോടതിയുടെ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.
വടകര പോലീസ് സ്റ്റേഷൻ പരിസരത്തുള്ള രണ്ടു മരങ്ങൾ അപകടാവസ്ഥയിലായതിനാൽ മരം മുറിച്ചു മാറ്റുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയറോട് കെ കെ രമ എം എൽ എ നിർദേശിച്ചു.

എം പി ഫണ്ടിൽ നിർമ്മിച്ച തപോവനം ഓഫീസ് കെട്ടിടത്തിന്റെ കാര്യക്ഷമത അടിയന്തരമായി പരിശോധിക്കണമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർദേശം നൽകി. കൃഷ്ണൻ നായർ റോഡിൽ കുഴികൾ രൂപപ്പെട്ടതുമൂലം ഉണ്ടാകുന്ന ട്രാഫിക് പ്രശ്നം പരിഹരിക്കാൻ ട്രാഫിക് പോലീസിന് എംഎൽഎ നിർദേശം നൽകി.

എംഎൽഎ ഫണ്ടും എംഎൽഎ ആസ്തി വികസന ഫണ്ടും കൈകാര്യം ചെയ്യുന്ന ഓഫീസുകൾ ഒരു സ്ഥലത്ത് പ്രവർത്തിക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കലക്ടറോട് ആവശ്യപ്പെട്ടു. കുറ്റ്യാടി റോഡ് പണി ആരംഭിക്കുന്നതിനു മുൻപ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡിഎംഒ ക്ക്‌ നിർദ്ദേശം നൽകി. കുറ്റ്യാടി മണ്ഡലത്തിലെ വിവിധ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം വൈകുന്നത് സംബന്ധിച്ച് പരിശോധന നടത്തണം. 

ആനക്കാംപൊയിൽ -കള്ളാടി  മേപ്പാടി തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ യോഗത്തിൽ വിലയിരുത്തി.
അടിവാരം താമരശ്ശേരി റോഡിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ലിന്റോ ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. മുക്കം ഐസൊലേഷൻ വാർഡ് നിർമ്മാണ പ്രവൃത്തി പരിശോധിക്കുവാനും എം എൽ എ നിർദ്ദേശം നൽകി.

ഭൂജലസ്രോതസ്സുകളുടെ മലിനീകരണം തടയുന്നതിനായി ജില്ലയിൽ നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച്  ഗ്രൗണ്ട് വാട്ടർ ജില്ലാ ഓഫീസർ ഇൻചാർജ് ജിജോ വി ജോസഫ് യോഗത്തിൽ വിശദീകരിച്ചു. പദ്ധതി പ്രകാരം ജില്ലയിൽ  തെരഞ്ഞെടുത്തിട്ടുള്ളത് കോഴിക്കോട് ബ്ലോക്ക് പരിധിയിൽ വരുന്ന ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ കോഴിക്കോട് കോർപ്പറേഷൻ, രാമനാട്ടുകര, ഫറോക്ക് നഗരസഭകളുമാണ്. ജലസാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്ന പദ്ധതിയുടെ നടത്തിപ്പിനായി വകുപ്പുകളുടെ സഹകരണമുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹീം, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കാനത്തിൽ ജമീല, കെ.കെ രമ, ലിന്റോ ജോസഫ്, സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എഡിഎം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എം.പ്രസാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date