Skip to main content

കുറുങ്കയത്ത് ജനാരവം തീർത്ത്  കയാക്കിങ് 

 

ഇരുവഞ്ഞിപുഴയുടെ ഓളപ്പരപ്പിൽ കയാക്കർമാർ മാന്ത്രികത തീർത്തപ്പോൾ കാണികളും ആവേശ തിമിർപ്പിലായി. ഒൻപതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ നിരവധി പേരാണ് മത്സരം കാണാൻ കുറുങ്കയത്ത് എത്തിച്ചേർന്നത്. പുലിക്കയത്ത് ജലനിരപ്പ് കുറവായതിനാൽ രണ്ടാം ദിനം മത്സരങ്ങൾ പൂല്ലൂരാംപാറയിലെ കുറുങ്കയത്താണ് നടന്നത്.

ചാറ്റൽ മഴയും കുത്തിയൊഴുകുന്ന ഇരുവഴിഞ്ഞിപുഴയും ആവേശം കൂട്ടുന്നു എന്ന് കയാക്കേഴ്സ് പറയുമ്പോൾ അതിലേറെ ആവേശം നൽകുന്നത്  കയാക്കേർഴ്സിന്റെ  തുഴച്ചിൽ മന്ത്രികതയെന്നു കാണികളും ഒരേ സ്വരത്തിൽ പറയുന്നു. മത്സര ചിത്രങ്ങൾ പകർത്താൻ നിരവധി ക്യാമറക്കണ്ണുകളും പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിലയുറപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ മുതൽ പ്രായമായവരിലും മത്സരത്തിന്റെ ആവേശം നിറഞ്ഞു നിന്നു. കരഘോഷങ്ങളും ആർപ്പുവിളികളും മത്സരാർത്ഥികൾക്ക് ഊർജമായി.

അവധി ദിനമായതിനാൽ തദ്ദേശിയർക്ക് പുറമെ വിനോദ സഞ്ചാരികളുൾപ്പെടെയുള്ളവർ കുടുംബസമേതമാണ് എത്തിച്ചേർന്നത്.  കേട്ടറിഞ്ഞ് മാത്രം പരിചയമുള്ള കയാക്കിങ് എന്താണെന്ന് കണ്ടറിയാനാണ് ഇവിടെ എത്തിയതെന്ന് കുടുംബത്തോടൊപ്പമെത്തിയ ആയിശുമ്മ പറയുന്നു. കയാക്കിങ് മത്സരത്തിന് പൂർണ്ണ പിന്തുണയേകി സേവന പ്രവർത്തങ്ങളിൽ സജീവമായ് പ്രദേശവാസികളും ഒപ്പമുണ്ട്.  എക്സ്ട്രിം സ്ലാലോം പ്രൊഫഷണൽ പുരുഷ-വനിതാ വിഭാഗം മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങളാണ് ഇന്ന് നടന്നത്. ജലനിരപ്പ് ഉയർന്നതിനാൽ  ഫൈനൽ മത്സരങ്ങൾ നാളെത്തേക്ക് (ആഗസ്റ്റ് 6) മാറ്റിവെച്ചു.

date