Skip to main content

കയാക്കിങ് വിജയികളെ നാളെയറിയാം

 

സമാപന ചടങ്ങ് ഇലന്തുകടവിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും 

ഇരുവഞ്ഞിപ്പുഴയിലെ റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയെയും നാളെ (ആഗസ്റ്റ് 6) അറിയാം. ഒൻപതാമത്  മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് നാളെ(ആഗസ്റ്റ് 6 ) അവസാനിക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ഗ്ലാമർ പോരാട്ടങ്ങളാണ് അവസാന ദിനം നടക്കാനുള്ളത്.

ഇരുവഞ്ഞിപുഴയിൽ  ജലനിരപ്പ് ഉയർന്നതിനാൽ  മാറ്റി വെച്ച എക്സ്ട്രിം സ്ലാലോം പ്രൊഫഷണൽ പുരുഷ-വനിതാ വിഭാഗം  ഫൈനൽ മത്സരങ്ങൾ  അവസാന ദിനത്തിൽ ആദ്യം നടക്കും. അതിനു ശേഷമാണ് പുരുഷ-വനിത സൂപ്പർ ഫൈനൽ മത്സരങ്ങൾ നടക്കുക. വിവിധ മത്സരങ്ങളിലെ വ്യക്തിഗത  പോയിന്റുകൾ അടിസ്ഥാനപ്പെടുത്തിയാണ്  റാപ്പിഡ് രാജയെയും റാണിയെയും തിരഞ്ഞെടുക്കുക. കഴിഞ്ഞ വർഷത്തെ റാപ്പിഡ് രാജയായ 23 കാരൻ അമിത് താപ്പ ഇക്കുറിയും മത്സരത്തിലുണ്ട്.

മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന ചടങ്ങ് നാളെ (ആഗസ്റ്റ് 6 ) വൈകീട്ട്  നാലിന് പുല്ലൂരാംപാറ  ഇലന്തുകടവിൽ  ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

date