Skip to main content

സംരംഭകർക്ക് പ്രോത്സാഹനവുമായി വേങ്ങൂർ ഗ്രാമപഞ്ചായത്ത് ; സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

 

 സംരംഭകരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങുകയാണ് വേങ്ങൂർ ഗ്രാമപഞ്ചായത്ത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും  സംയുക്താഭിമുഖ്യത്തിൽ പുതിയതായി സംരംഭങ്ങൾ തുടങ്ങുവാൻ താല്പര്യമുള്ള വ്യക്തികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.

സംരംഭക വർഷം 2.0 യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വ്യവസായ വകുപ്പിന്റെ പദ്ധതികളും ആനുകൂല്യങ്ങളും സംരംഭത്തിൽ ശ്രദ്ധിക്കേണ്ട മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ശില്പശാല. വനിതകളും യുവതീ-യുവാക്കളും ഉൾപ്പെടെ അൻപതോളം പേർ ശില്പ ശാലയിൽ പങ്കെടുത്തു. എങ്ങനെ ഒരു സംരംഭം തുടങ്ങാം, വായ്പകൾ, സബ്‌സിഡി, മറ്റ് സഹായങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലെ സംശയങ്ങൾ പരിഹരിക്കും വിധമായിരുന്നു പഞ്ചായത്ത്‌ ഹാളിൽ ശില്പശാല ഒരുക്കിയിരുന്നത്.

സംസ്ഥാന സർക്കാരിൻറെ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വേങ്ങൂർ പഞ്ചായത്തിൽ 99 പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിലൂടെ 16.11 കോടി രൂപയുടെ നിക്ഷേപം സാധ്യമാവുകയും 287 വ്യക്തികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചുവെന്നും പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് പറഞ്ഞു.

date