Skip to main content

പട്ടിക വിഭാഗ വിദ്യാർഥികൾക്ക് സീറ്റ് നിഷേധിക്കരുതെന്ന് കമ്മീഷൻ

സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പട്ടിക വിഭാഗ വിദ്യാർഥികൾ അധിക ഫീസ് നൽകുന്നില്ലെന്ന കാരണത്താൽ സീറ്റു നിഷേധിക്കരുതെന്ന് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകി.

ഫീ റഗുലേറ്ററി കമ്മറ്റി നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തിൽ അധികഫീസ് മാനേജ്‌മെന്റുകൾ വിദ്യാർഥികളിൽ നിന്നും ഈടാക്കുന്നത് നിർദ്ധനരായ വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്ന് കമ്മീഷൻ വിലയിരുത്തി. ഈ സാഹചര്യത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിശദമായി പരിശോധിച്ച് അർഹതപ്പെട്ട മുഴുവൻ ആനുകൂല്യവും നൽകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പ്രവേശനത്തിന് അർഹത നേടിയ പട്ടികവിഭാഗ വിദ്യാർഥികൾക്ക്, അധിക തുക നൽകിയില്ല എന്ന കാരണത്താൽ അഡ്മിഷൻ നിഷേധിച്ചാൽ അത് പട്ടികജാതി പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമമായി  കരുതുന്നതാണെന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റുകളെ അറിയിക്കണമെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർമാർക്കും പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി നിർദ്ദേശം നൽകി.

പി.എൻ.എക്‌സ്3717/2023

date