Skip to main content

നിപ : കൺട്രോൾ റൂം പ്രവർത്തന സജ്ജം

 

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.ഗസ്റ്റ് ഹൗസിൽ ആരംഭിച്ച നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്,  ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് എന്നിവർ നേരിട്ടെത്തി കൺട്രോൾ റൂം പ്രവർത്തനങ്ങൾ വിലയിരുത്തി. വിവിധ കൗണ്ടറുകളിലായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

കൺട്രോൾ റൂമിലെ കോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. മൂന്ന് ഷിഫ്റ്റുകളിലായാണ് കോൾ സെന്ററിന്റെ പ്രവർത്തനം. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളിൽ ജനങ്ങൾക്ക് സംശയനിവാരണം നടത്താം. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം. ഇത് വരെ 250 ലധികം ആളുകളാണ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടത്.

പൊതുവേയുള്ള അന്വേഷണങ്ങൾ, രോഗലക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങൾ, കണ്ടെയ്ൻമെന്റ് സോൺ സംബന്ധിച്ച വിവരങ്ങൾ, സെൽഫ് റിപ്പോർട്ടിംഗ് എന്നിവയാണ് പ്രധാനമായും ആളുകൾ അന്വേഷിക്കുന്നത്.

ഇതുവരെ കണ്ടെത്തിയ സമ്പർക്ക പട്ടികയിലുള്ള മുഴുവൻപേരെയും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച വിവരങ്ങളും കൺട്രോൾ റൂമിൽ ശേഖരിക്കുന്നുണ്ട്. കോണ്ടാക്ട് ട്രെയ്‌സിംഗ്, ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങൾ, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്‌മെന്റ്, കൗൺസിലിംഗ്, മീഡിയ ഏകോപനം എന്നിവ കൺട്രോൾ സെല്ലിൽ സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച 19 കോർ കമ്മറ്റികളുടെ പ്രവർത്തനങ്ങളും കൺട്രോൾ റൂമിൽ  അവലോകനം ചെയ്യുന്നുണ്ട്.

date