Skip to main content

നേര്യമംഗലത്തെ പൊതുമരാമത്ത് വകുപ്പ് പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു

 

നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി.ഡബ്ല്യൂ.ഡി പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു. സെപ്റ്റംബർ 16 ന് രാവിലെ 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും.

ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ട്രെയിനിങ്ങ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ മികച്ച രീതിയിൽ ശാസ്ത്രീയ പരിശീലനം ഉറപ്പാക്കാൻ കഴിയും.  ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർക്കുള്ള പരിശീലനത്തോടെയാണ് സെന്ററിന്റെ പ്രവർത്തനം തുടങ്ങുന്നത്. 

നേര്യമംഗലത്ത് പെരിയാറിനോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ സ്ഥലത്താണ് പൊതുമരാമത്ത് വകുപ്പ് പരിശീലന കേന്ദ്രവും പി.ഡബ്ല്യൂ.ഡി റസ്റ്റ്‌ ഹൗസും നിർമ്മിച്ചിട്ടുള്ളത്.  കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, ഓഡിയോ വിഷ്വൽ ഹാൾ, ലൈബ്രറി, അഞ്ച് സെമിനാർ ഹാൾ, കിച്ചൺ , ഡൈനിംഗ് ഹാൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടെ 4768 ചതുരശ്ര മീറ്റർ വലുപ്പമാണ്  ട്രെയ്നിങ് സെന്ററിനുള്ളത്.

അഞ്ച് നിലകളിലായി 3517 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള റസ്റ്റ് ഹൗസിൽ 45 വിശ്രമ മുറികളും മൂന്ന് സ്യൂട്ട് മുറികളുമുണ്ട്. പരിശീലനത്തിലെത്തുന്ന ഉദ്യോഗസ്ഥർക്ക് ഇവിടെ താമസിക്കാം. 276 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ റീജിയണൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയും ഇവിടെയുണ്ട്. ഇതുവഴി ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനത്തിനും  അവസരം ലഭിക്കുന്നു. വിവിധഘട്ടങ്ങളിലായി  25.83 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്.

date