Skip to main content

മെഡിക്കൽ കോളജിൽ 5.83 കോടി രൂപയുടെ വികസന പദ്ധതികൾ

ചികിത്സ പദ്ധതികളിൽ ഉൾപ്പെടാത്തവർക്ക് പ്രത്യേക തദ്ദേശീയ പദ്ധതി 

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ 128 സ്ലൈസ് സി. ടി. സ്കാനർ ഉൾപ്പെടെ 5.83 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും ചികിത്സ പദ്ധതികളിൽ ഉൾപ്പെടാത്തവർക്ക് ആശുപത്രി വികസന സമിതി നേരിട്ട് പ്രത്യേകം പദ്ധതിയും ഒരുക്കും. ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കൽ കോളജ് ആശുപത്രിയിൽ സർക്കാർ ഏർപ്പെടുത്തിയ സൗജന്യ ചികിത്സ പദ്ധതികളിൽ ഉൾപ്പെടാത്ത നിർധനരായ രോഗികൾക്കും നിലവിൽ ഒരു ചികിൽസാ പദ്ധതിയിലും ഉൾപ്പെടാത്തവർക്കും തദ്ദേശീയമായി ചികിൽസാ പദ്ധതി ആവിഷ്കരിക്കും. ആശുപത്രി വികസന സമിതി നേരിട്ട് നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ചികിൽസാ പദ്ധതിയാണിത്.

നിലവിൽ ട്രോമാ ബ്ലോക്കിൽ സ്ഥാപിച്ച 128 സ്ലൈസ് സി. ടി. സ്കാനറിന് പുറമെയാണ് ഒ.പി ബ്ലോക്കിൽ കൂടി ഇത് സജ്ജമാക്കുന്നത്    ഹൃദയത്തിൻ്റെ രക്തകുഴലുകൾ ഉൾപ്പെടെ കൃത്യമായി സ്കാൻ ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് സ്കാനറിനുള്ളത്. ഹൃദയ രക്ത കുഴലിലെ തടസ്സങ്ങളുടെ ഘടന,  ധമനികളുടെ ആൻജിയോഗ്രാം, വിർച്വൽ എന്‍ഡോസ്‌കോപ്പി, ഡിജിറ്റൽ സബ്സ്ട്രാക്ഷൻ ആഞ്ജിയോഗ്രഫി തുടങ്ങിയവ പരിശോധിക്കാൻ സാധിക്കും. 4.84 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
റേഡിയോളജി പ്രവർത്തനം വിപുലീകരിക്കാനായി ആറ് റേഡിയോഗ്രഫർമാരെയും നിയമിക്കും.  15 ലക്ഷം രൂപ ചിലവിൽ സ്വന്തമായി ആശുപത്രിയിൽ  പി എ സി എസ് സിസ്റ്റം കൂടി സ്ഥാപിക്കുന്നതോടെ  സ്കാൻ ചെയ്യുന്ന ചിത്രങ്ങൾ ആശുപത്രിയിൽ എവിടെ നിന്ന് വേണമെങ്കിലും ഡോക്ടർമാർക്ക് പരിശോധിക്കാൻ സാധിക്കും. 

ആശുപത്രി വികസന സമിതി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രതിമാസം എട്ട് ലക്ഷത്തോളം രൂപയാണ് അധികമായി നീക്കി വെക്കുന്നത്.

മെഡിക്കൽ കോളജ് ആശുപത്രികളുടെ സേവന ഗുണനിലവാരം വർധിപ്പിക്കുന്നതിന് സർക്കാർ തലത്തിൽ നയം രൂപീകരിച്ചിട്ടുണ്ട്. ഗുണനിലവാരം സംബന്ധിച്ച് ഗ്യാപ് അനാലിസിസ് പൂർത്തിയാക്കുന്നതിനും എൻ എ ബി എച്ച് അക്രഡിറ്റേഷൻ നേടുന്നതിനുമായി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത്  അത്യാഹിത വിഭാഗത്തിലേക്ക് വേണ്ടി നിലവിലുള്ള 30 ട്രോളി പുള്ളർ ജീവനക്കാർക്ക് പുറമെ അധികമായി 15 പേരെ കൂടി നിയമിക്കും. ആശുപത്രി കൂടുതൽ രോഗി സൗഹൃദമാക്കുന്നതിന് വേണ്ടി ഇരിപ്പിടങ്ങൾ വാങ്ങുന്നതിനും, ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിനും തുക വകയിരുത്തി.

ആശുപത്രി ശുചിത്വം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക ഹൗസ് കീപിങ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഹൗസ് കീപിങ് വിഭാഗം പ്രവർത്തനം വിപുലീകരിക്കുന്നതിനായി 20 ജീവനക്കാരെ കൂടി ആശുപത്രി വികസന സമിതി മുഖേന നിയമിക്കും. നിലവിൽ കുടുംബശ്രീ മുഖേന നിയമിച്ചിട്ടുള്ള 80ഓളം ജീവനക്കാർക്ക് പുറമെയാണിത്. 

ഐ സി ഡി എസ്  ൻ്റെ കൂടി സഹകരണത്തോടെ സ്ഥാപിച്ച ക്രെഷ് ശീതീകരിക്കുന്നതിനും,  ഫർണിച്ചർ വാങ്ങുന്നതിനും 15 ലക്ഷം രൂപയും  കുട്ടികൾക്ക് ലഘു ഭക്ഷണം നൽകുന്നതിന് പ്രതിമാസം  50000 രൂപയും വകയിരുത്തി.

മെഡിക്കൽ കോളജ് ആശുപത്രിയിൽ  അധികമായി 25 സുരക്ഷാ ജീവനക്കാർ, പ്രത്യേക റാപിഡ് റെസ്പോൺസ് ടീം എന്നിവയെ സുരക്ഷയ്ക്കായി നിയോഗിക്കും. കൂടാതെ, 50ൽ പരം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന് സി ഡിറ്റിന് ചുമതലയും നൽകി. 

ശസ്ത്രക്രിയ തിയേറ്ററുകൾ, തീവ്ര പരിചരണ വിഭാഗങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഉപകരണങ്ങളും, വസ്ത്രങ്ങളും അണുവിമുക്തമാക്കുന്ന  സെൻട്രൽ സ്‌റ്റെറിലൈസേഷൻ വിഭാഗത്തിലേക്ക്  പുതിയതായി അഞ്ച് ടെക്നീഷ്യൻമാരെ നിയോഗിക്കും. പുതുതായി ലഭ്യമാക്കിയ ആംബുലൻസുകൾക്ക്  അഞ്ച് ഡ്രൈവർമാരെ കൂടി നിയമിക്കും. ആശുപത്രി ഫർണീച്ചർ അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വെൽഡർ, പെയിൻ്റർ ജീവനക്കാരെ കൂടി നിയമിക്കും. 

ആശുപത്രി വികസന സമിതിക്ക് കീഴിൽ ആറ് ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ച് ഡയാലിസിസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.   മെഡിക്കൽ കോളജിൽ ജലലഭ്യത ഉറപ്പാക്കുന്നതിന് തദ്ദേശീയമായ ജല സ്രോതസ്സുകളിൽ നിന്നും ജലം പമ്പ് ചെയ്ത് ആശുപത്രിയിലേക്ക് ഉപയോഗിക്കുന്നതിനായി നാല് പമ്പ് ഓപ്പറേറ്റർമാരെ  കൂടി നിയമിക്കാനും തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ അധ്യക്ഷനായി. തൃശൂർ കോർപ്പറേഷൻ മേയർ
എം.കെ.വർഗീസ്, സേവ്യർ ചിറ്റിലപ്പിളളി എം എൽ എ, എച്ച്.ഡി.എസ് വൈസ് ചെയർപേഴ്സൺ,  ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ 
ഡോ ബി ഷീല, എച്ച്.ഡി.എസ് സെക്രട്ടറി സൂപ്രണ്ട് ഇൻ ചാർജ് ഗവ.മെഡിക്കൽ കോളജ്
ഡോ.നിഷ.എം.ദാസ്,  ആർ.എം.ഒ ഡോ. എ.എം. രന്ദീപ്, ലെയ്സൺ ഓഫീസർ
ഡോ സി രവീന്ദ്രൻ, ലോ  സെക്രട്ടറി ആൻഡ് ട്രെഷറർ എം.വൈ. സുനിൽകുമാർ, ചീഫ് നഴ്സിങ്ങ് ഓഫീസർ എം എ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

date