Skip to main content

കേരളീയം: നവകേരളത്തിന്റെ രൂപരേഖയുമായി  25 സെമിനാറുകൾ

കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം 2023ൽ ഭാവി കേരളത്തിന്റെ രൂപരേഖയുമായി 25 സെമിനാറുകൾ.നവംബർ രണ്ടുമുതൽ ആറുവരെയുള്ള അഞ്ചുദിവസങ്ങളിലാണ് പ്രതിദിനം അഞ്ചു സെമിനാറുകളിലായി നവകേരളത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുക.കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളും ഭാവികേരളം എങ്ങോട്ട് എന്നുമുള്ള വിഷയങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ടാവും രാജ്യാന്തര-ദേശീയ പ്രതിഭകൾ അടങ്ങുന്ന പാനലിസ്റ്റുകൾ പങ്കെടുക്കുന്ന സെമിനാർ സംഘടിപ്പിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ,ചരിത്രകാരൻ പ്രൊഫ.റോബിൻ ജെഫ്രി,മാഗ്സെസെ പുരസ്‌കാര ജേതാവ് ബേസ്വാദ വിൽസൺ,മുൻകേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ,സാമ്പത്തിക വിദഗ്ധരായ കെ.എം.ചന്ദ്രശേഖർ,ബാർബറ ഹാരിസ് വൈറ്റ്റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡബ്ള്യൂ.ആർ.റെഡ്ഡി,ഡോ. എം.വി.പിളള,ഡോ.കെ.ശ്രീനാഥ് റെഡ്ഡി,രാജ്യാന്തരലേബർ സംഘടനാ പ്രതിനിധികളായ സയ്ദ് സുൽത്താൻ അഹമ്മദ്,സുക്തി ദാസ്ഗുപ്ത എന്നിവരടങ്ങുന്ന രാജ്യാന്തര പ്രശസ്തർ സെമിനാറുകളിലെ വിവിധ സെഷനുകളിൽ പങ്കെടുക്കും.

കേരളത്തിന്റെ ഭാവിക്കുവേണ്ട സാമ്പത്തിക ബദലുകൾ,കേരളത്തിന്റെ സമ്പദ്ഘടന,മഹാമാരികളെ കേരളം അതിജീവിച്ചത് എങ്ങനെ,മാറുന്ന കാലത്തെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യങ്ങളും തുടങ്ങി കേരളസമൂഹത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് അകത്തുനിന്നും പുറത്തുനിന്നുമുള്ള കാഴ്ചപ്പാടുകളാണ് സെമിനാറുകളിൽ അവതരിപ്പിക്കുന്നത്. അഞ്ചു വ്യത്യസ്ത വേദികളിൽ നടക്കുന്ന സെമിനാറുകൾക്കു നേതൃത്വം നൽകുന്നത് 25 സർക്കാർ വകുപ്പുകളാണ്. നിയമസഭാ ഹാൾടാഗോർ തിയറ്റർജിമ്മി ജോർജ് സ്റ്റേഡിയംമാസ്‌കറ്റ് ഹോട്ടൽസെൻട്രൽ സ്റ്റേഡിയം എന്നീ വേദികളിലാവും സെമിനാർ നടക്കുക.

പി.എൻ.എക്‌സ്4573/2023

date