Skip to main content

എന്റെ തൊഴില്‍, എന്റെ അഭിമാനം 2.0 പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 29 ന് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും

കേരള നോളെജ് ഇക്കോണമി മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 29 ന് വൈകിട്ട് മൂന്നിന് നാഗലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കേരളത്തെ ജ്ഞാനസമൂഹമായി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ രൂപീകരിച്ച കേരള നോളെജ് ഇക്കോണമി മിഷന്‍ 2026നുള്ളില്‍ 20 ലക്ഷം പേര്‍ക്ക് വിജ്ഞാന തൊഴില്‍ മേഖലയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ദൗത്യവുമായാണ് മുന്നോട്ട് പോകുന്നത്.
രണ്ടാംഘട്ടത്തില്‍ 399 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, നൈപുണ്യവികസന പരിപാടികള്‍, തൊഴില്‍ മേള സംഘടിപ്പിക്കല്‍, വര്‍ക്ക് നിയര്‍ ഹോം സംവിധാനം എന്നീ നാല് പ്രൊജക്ടുകള്‍ നടപ്പാക്കാന്‍ കേരള നോളെജ് ഇക്കോണമി മിഷന്‍ രൂപരേഖ തയ്യാറാക്കി. 2023 സെപ്റ്റംബറില്‍ ആരംഭിച്ച് 2024 മാര്‍ച്ച് 31 നകം തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴില്‍ മേളകള്‍ നടത്തി പരമാവധി തൊഴിലന്വേഷകരെ വിജ്ഞാന തൊഴിലിലേക്കെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നോളെജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ചയും നോളെജ് ജോബ് ഓറിയന്റേഷനും സംഘടിപ്പിക്കും.
പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയാവും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാവും. കേരള നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ പി.എസ് ശ്രീകല,  കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി.വി ഉണ്ണികൃഷ്ണന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

(29ല്‍ നിന്ന് മാറ്റി എന്നറിയിച്ചിരുന്നെങ്കിലും അതേ തീയതിയില്‍ തന്നെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്)
 

date