Skip to main content

'തിരികെ സ്‌കൂളില്‍' പദ്ധതിക്ക് തുടക്കമായി : ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

കുടുംബശ്രീ സംസ്ഥാനത്തലത്തില്‍ നടപ്പാക്കുന്ന 'തിരികെ സ്‌കൂളില്‍' കാമ്പയ്‌ന് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പതിനാറാംകണ്ടം സർക്കാർ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കാല്‍ നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് തിരികെ സ്‌കൂളിലേക്ക് എന്ന പദ്ധതി. ജീവിതത്തിലെ പ്രധാനപ്പെട്ട കാലഘട്ടമാണ് സ്‌കൂള്‍ കാലഘട്ടം. ചെറുപ്പക്കാലഘട്ടത്തിന്റെ ഓര്‍മ്മകളിലൂടെ ക്ലാസ് റൂം പഠനത്തിലൂടെ നൂതന ആശയങ്ങള്‍ പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെയെന്ന് മന്ത്രി പറഞ്ഞു. സ്വയംപര്യാപ്തതയിലേക്ക് വരാന്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മുഖം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം ക്ലാസുകള്‍ സന്ദര്‍ശിച്ച് പഠിതാക്കള്‍ക്ക് ആശംസകളും അറിയിച്ചാണ് മന്ത്രി മടങ്ങിയത്. പരിപാടിയിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത പ്രതിജ്ഞയും പ്രസിഡന്റ് ചൊല്ലിക്കൊടുത്തു.

കുടുംബശ്രീ സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയാണ് കാമ്പയ്ന്റെ പ്രധാന ലക്ഷ്യങ്ങള്‍. അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും കാമ്പയ്നിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള പൊതു അവധി ദിവസങ്ങളില്‍ സിഡിഎസുകളുടെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളിലാണ് കാമ്പയ്ന്‍ നടത്തുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്ലാസുകള്‍. സംഘടനാശക്തികള്‍ അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ-ജീവിത ഭദ്രത നമ്മുടെ സന്തോഷം, പുതിയ അറിവുകള്‍ പുതിയ ആശയങ്ങള്‍, ഡിജിറ്റല്‍ കാലം എന്നിങ്ങനെ അഞ്ച് വിഷയങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്. രാവിലെ 9.30ന് അസംബ്ലിയോടെയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പ്രാര്‍ഥന, പ്രതിജ്ഞ അടക്കം സ്‌കൂള്‍ പ്രവര്‍ത്തി ദിവസം പോലെ തന്നെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളിലൂന്നിയുള്ള ക്ലാസുകളിലേക്ക് കടക്കും.

പരിപാടിയിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സിബിച്ചന്‍ തോമസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണി എബ്രഹാം, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി ഷാജി, സുനിത സജീവ്, കുടുംബശ്രീ ജില്ലാമിഷന്‍ എഡിഎംസി ആശമോള്‍ വിഎം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആതിര അനില്‍ എന്നിവര്‍ സംസാരിച്ചു.

date