Skip to main content

കെ-റെറ രജിസ്ട്രേഷനില്ല: മലപ്പുറം ജില്ലയിലെ രണ്ടു പ്രമോട്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പ്രസ്തുത പദ്ധതികളിൽ നിന്ന് പ്ലോട്ട് വാങ്ങരുതെന്ന് കെ-റെറ
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ-റെറ) രജിസ്റ്റർ ചെയ്യാതെ പ്ലോട്ട് വികസിപ്പിക്കുകയും പ്ലോട്ട് വികസിപ്പിച്ച് വിൽക്കുകയും ചെയ്ത രണ്ടു പ്രൊമോട്ടർമാർക്ക് കെ-റെറ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പിഴയീടാക്കാതിരിക്കാനായി കെ-റെറ മുമ്പാകെ മതിയായ കാരണം ബോധിപ്പിക്കാൻ അറിയിച്ചുകൊണ്ടാണ് പ്രൊമോട്ടർമാർക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ മിഡ്ടൗൺ എന്ന റിയൽ എസ്റ്റേറ്റ് പ്രൊജക്ടിന്റെ ഭൂവുടമയായ പുത്തൻകോട്ട് വടക്കേവീട്ടിൽ മുഹമ്മദ് അബ്ദുൾ കാസിം ഫൈസൽ എന്നയാൾക്കും പുലാമന്തോൾ പഞ്ചായത്തിലെ മിസ്റ്റ് എന്ന റിയൽ എസ്റ്റേറ്റ് പ്രൊജക്ടിന്റെ ഭൂവുടമയായ പൊതിയിൽ തൊട്ടിൽപറമ്പിൽ പി.ടി.സിദ്ദിഖ് എന്നയാൾക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇവയിൽ മിഡ്ടൗൺ എന്ന പദ്ധതിയുടെ 54 പ്ലോട്ടുകളും വിറ്റുകഴിഞ്ഞു. മിസ്റ്റ് എന്ന പദ്ധതിയിൽ പ്ലോട്ടുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു പദ്ധതികൾക്കും മതിയായ ലേഔട്ട് അപ്രൂവൽ അതത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ല. 'മിസ്റ്റി'ന്റെ നിർമാണ പ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞ് പഞ്ചായത്ത് പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടുണ്ട്. പദ്ധതികൾ രജിസ്റ്റർ ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് മാസങ്ങൾക്കു മുമ്പ് തന്നെ ഇരു പദ്ധതികളുടേയും പ്രൊമോട്ടർമാർക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അവരിൽ നിന്ന് കിട്ടിയ മറുപടി തൃപ്തികരമായിരുന്നില്ല.
കെ-റെറയിൽ രജിസ്റ്റർ ചെയ്യാത്ത ഇത്തരം പദ്ധതികളിൽ നിന്ന് പ്ലോട്ടോ വില്ലയോ അപാർട്ട്മെന്റോ വാങ്ങരുതെന്ന് പൊതുജനങ്ങളോട് കെ-റെറ ചെയർമാൻ പി.എച്ച്. കുര്യൻ നിർദേശം നൽകി.

date