Skip to main content

‘ഒറ്റ ദിവസം, ഒറ്റ മണിക്കൂർ’: ജില്ലയിൽ നാളെ തീവ്ര ശുചീകരണ യജ്ഞം

ആലപ്പുഴ : സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് (ഒക്ടോബർ 1) വിവിധ കേന്ദ്രങ്ങളിലായി തീവ്ര ശുചീകരണ യജ്ഞം നടത്തും. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'ഒറ്റ ദിവസം, ഒരൊറ്റ മണിക്കൂർ' പരിപാടിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ എ.എം.ആരിഫ് എം.പി ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.  പി.പി ചിത്തിരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അധ്യക്ഷത വഹിക്കും.

ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.  രാവിലെ പത്ത് മുതൽ പതിനൊന്ന്  മണി വരെയുള്ള ഒരു മണിക്കൂറിൽ ജില്ലയിലെ 1599 കേന്ദ്രങ്ങളിലായാണ് തീവ്ര ശുചീകരണ  യജ്ഞം നടക്കുന്നത്. ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, തുടങ്ങി വിവിധ പൊതുയിടങ്ങളാണ് ശുചീകരിക്കുക. നഗരസഭയിൽ ഒരു ഡിവിഷനിൽ രണ്ട് പ്രവർത്തികളും ഗ്രാമപഞ്ചായത്തുകളിൽ വാർഡ് തലത്തിൽ ഓരോ പ്രവർത്തികളുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വൃത്തിയാക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത സ്ഥലങ്ങൾ അറിയാനായി www.swachhatahiseva.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

date