Skip to main content

ഗാന്ധിജയന്തി വാരാഘോഷത്തിന് തിങ്കളാഴ്ച തുടക്കമാകും

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷം തിങ്കളാഴ്ച (ഒക്‌ടോബർ 2) ആരംഭിക്കും. ഒക്‌ടോബർ രണ്ടിന് രാവിലെ ഒമ്പതിന് തിരുനക്കര ഗാന്ധി ചത്വരത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടക്കും. ഗാന്ധി ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. ഗാന്ധിജയന്തി ദിന സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം ജയമോൾ ജോസഫ്, ഐ-പി.ആർ.ഡി. ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സാക്ഷരതമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു എന്നിവർ പങ്കെടുക്കും.വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാഭരണകൂടത്തിന്റെയും എക്‌സൈസ്-പൊലീസ്-പൊതുവിഭ്യാഭ്യാസം-ഉന്നതവിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ രാവിലെ എട്ടിന് കളക്‌ട്രേറ്റിൽ നിന്ന് തിരുനക്കര ഗാന്ധി ചത്വരത്തിലേക്ക് ലഹരിവിരുദ്ധ-സമാധാന സന്ദേശ റാലി നടക്കും. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഫ്‌ളാഗ് ഓഫ് നിർവഹിക്കും.ഒക്‌ടോബർ മൂന്നിന് സ്‌കൂളുകളിലും കോളജുകളിലും ഗാന്ധി അനുസ്മരണപരിപാടികൾ സംഘടിപ്പിക്കും. സ്‌കൂളുകളിൽ വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടക്കും.

 

date