Skip to main content
മത്സ്യത്തൊഴിലാളികൾക്കായുള്ള 204 ഫ്ലാറ്റുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ: ജില്ല വികസന സമിതി യോഗം

മത്സ്യത്തൊഴിലാളികൾക്കായുള്ള 204 ഫ്ലാറ്റുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ: ജില്ല വികസന സമിതി യോഗം

ആലപ്പുഴ: തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണെന്ന് ജില്ല വികസന സമിതി യോഗം വിലയിരുത്തി. പുനർഗേഹം പദ്ധതി വഴി തോട്ടപ്പള്ളി മണ്ണുംപുറത്ത് 204 ഫ്ളാറ്റുകളാണ് നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് എച്ച്. സലാം എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഉദ്യോഗസ്ഥർ പദ്ധതി പുരോഗതി അറിയിച്ചത്. തേപ്പ്, തടിപ്പണി, ഇലക്ട്രിക്കൽ, പ്ലംബിംഗ് തുടങ്ങിയ പണികളാണ് നിലവിൽ പുരാഗമിക്കുന്നത്. 

ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടര്‍ ഹരിത വി. കുമാർ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ തോമസ് കെ. തോമസ്, ദലീമ ജോജോ തുടങ്ങിയവർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ മേഖലാതല അവലോകന യോഗവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ യോഗത്തിൽ വിശദീകരിച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയുടെ ബ്ലഡ് ബാങ്ക് കെട്ടിട നിർമ്മാണം ഒരുമാസത്തിനകം പൂർത്തീകരിക്കുമെന്ന് ആലപ്പുഴ നഗരസഭാ സെക്രട്ടറി യോഗത്തിൽ അറിയിച്ചു. ചമ്പക്കുളം പൊതുജനാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിന് പ്രത്യേകം ഉന്നതല യോഗം ചേരുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് പറഞ്ഞു.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അരൂർ, തുറവൂർ ഭാഗങ്ങളിലെ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ വശങ്ങളിലൂടെയുള്ള വാഹന ഗതാഗതത്തിന് വളരെയേറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെനന്നും ഇതിന് പരിഹാരം വേണമെന്നും അരൂർ എം.എൽ.എ. ദലീമ ജോജോ പറഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും ചെളി നിറഞ്ഞതിനാൽ അപകട സാധ്യത കൂടുതലാണെന്നും സ്കൂൾ സമയങ്ങളിൽ പ്രത്യേക പോലീസ് സംവിധാനം ഏർപ്പെടുത്തണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

ഹരിത വിപ്ലവത്തിന്റെ പിതാവ്  ഡോ.എം.എസ്. സ്വാമിനാഥനോടുള്ള ആദരസൂചകമായി മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് അദ്ദേഹത്തിൻ്റെ പേര് നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല എം.എൽഎ.യുടെ പ്രതിനിധി മുൻ യോഗത്തിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ ബസുകൾ പ്രവേശിക്കുന്നില്ലെന്ന് ഉന്നയിച്ചിരുന്നു. ഇവിടെ ബസുകൾ പ്രവേശിക്കുന്നതിനുള്ള തടസം നീക്കി ഒക്ടോബർ 10 മുതൽ കെ.എസ്.ആർ.ടി.സി ബസുകൾ പ്രവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാകളക്ടർ യോഗത്തിൽ കർശന നിർദ്ദേശം നൽകി. തുറവൂർ-കുമ്പളം റെയിൽവേ പാതയ്ക് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയുടെ ഭാഗത്തുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ജി. രാജേശ്വരി, എ.ഡി.എം എസ്. സന്തോഷ് കുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി  കെ. ഗോപകുമാർ, രമേശ് ചെന്നിത്തല എം.എൽ.എയുടെ പ്രതിനിധി ജോൺ തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date